India

ഡല്‍ഹി: സമാധാനം ആഗ്രഹിക്കുന്നു; പക്ഷേ, കലാപം തടയാന്‍ തങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് സുപ്രിംകോടതി

ഞങ്ങളെ കുറ്റപ്പെടുത്തിയുള്ള പത്രവാര്‍ത്തകള്‍ വായിക്കുന്നുണ്ട്. ഞങ്ങള്‍ക്കുമേല്‍ വലിയ സമ്മര്‍ദമാണുള്ളത്. ഞങ്ങള്‍ക്ക് ഇത്രയധികം സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഇത്തരം സംഭവങ്ങള്‍ തടയാന്‍ മാത്രം സജ്ജരല്ല ഞങ്ങളെന്നു നിങ്ങള്‍ മനസ്സിലാക്കണം.

ഡല്‍ഹി: സമാധാനം ആഗ്രഹിക്കുന്നു; പക്ഷേ, കലാപം തടയാന്‍ തങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും പക്ഷേ കലാപം തടയാന്‍ തങ്ങള്‍ക്ക് പരിമിതമായ അധികാരം മാത്രമാണുള്ളതെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കലാപക്കേസില്‍ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സാമൂഹ്യപ്രവര്‍ത്തകര്‍ ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസ് ബുധനാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. എന്നാല്‍, നാളെ വാദം കേള്‍ക്കണമെന്ന ഗോണ്‍സാല്‍വസിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി.

ഞങ്ങളെ കുറ്റപ്പെടുത്തിയുള്ള പത്രവാര്‍ത്തകള്‍ വായിക്കുന്നുണ്ട്. ഞങ്ങള്‍ക്കുമേല്‍ വലിയ സമ്മര്‍ദമാണുള്ളത്. ഞങ്ങള്‍ക്ക് ഇത്രയധികം സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഇത്തരം സംഭവങ്ങള്‍ തടയാന്‍ മാത്രം സജ്ജരല്ല ഞങ്ങളെന്നു നിങ്ങള്‍ മനസ്സിലാക്കണം. കലാപങ്ങള്‍ സംഭവിച്ചതിന് ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് സാഹചര്യത്തെ നേരിടാന്‍ കഴിയൂ. അത്തരം സംഭവങ്ങള്‍ (കലാപം) കോടതിക്ക് ഒരിക്കലും തടയാനാവില്ലെന്നും അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ കേസ് പരിഗണിച്ച ജഡ്ജിയെ മാറ്റിയ കാര്യം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഒരുമാസത്തേക്ക് കേസ് മാറ്റിവച്ചിരിക്കുകയാണ്. ഇത് അടിയന്തരമായ കേസാണ്. പ്രതിദിനം 10 എന്ന നിരക്കില്‍ ആളുകള്‍ കൊല്ലപ്പെടുന്നു.

കഴിഞ്ഞ രാത്രി മാത്രം ആറേഴുപേര്‍ മരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് നാലാഴ്ചത്തേക്ക് നീട്ടുന്നതിന് ഹൈക്കോടതി എന്തെങ്കിലും കാരണം ചൂണ്ടിക്കാട്ടിയിരുന്നോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കോടതി ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാനാവും. ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ എന്തുചെയ്യാനാവുമെന്ന് നോക്കാമെന്നും തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് ശര്‍മ തുടങ്ങിയവര്‍ക്കെതിരേ എഫ്‌ഐആര്‍ തയ്യാറാക്കുന്നതിന് പോലിസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാന്‍ നാലാഴ്ച അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഇരകള്‍ക്കുവേണ്ടി ഹര്‍ഷ് മന്ദര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it