India

ഉന്നാവോ ഇരയുടെ പിതാവിന്റെ കൊലപാതകം: കേസ് ചോദ്യംചെയ്ത് പ്രതിയായ പോലിസുകാരന്‍ ഹൈക്കോടതിയില്‍

ഉത്തര്‍പ്രദേശ് പോലിസ് കോണ്‍സ്റ്റബിള്‍ അമീര്‍ഖാനാണ് കോടതിയില്‍ ഹരജി നല്‍കിയത്.

ഉന്നാവോ ഇരയുടെ പിതാവിന്റെ കൊലപാതകം: കേസ് ചോദ്യംചെയ്ത് പ്രതിയായ പോലിസുകാരന്‍ ഹൈക്കോടതിയില്‍
X

ന്യൂഡല്‍ഹി: കസ്റ്റഡി മര്‍ദനത്തെത്തുടര്‍ന്ന് ഉന്നാവോ ബലാല്‍സംഗ ഇരയുടെ പിതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്കെതിരേ ചുമത്തിയ കുറ്റം ചോദ്യംചെയ്ത് പ്രതിചേര്‍ക്കപ്പെട്ട പോലിസുകാരന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഉത്തര്‍പ്രദേശ് പോലിസ് കോണ്‍സ്റ്റബിള്‍ അമീര്‍ഖാനാണ് കോടതിയില്‍ ഹരജി നല്‍കിയത്. തനിക്കെതിരായ കേസ് തെറ്റായ രീതിയിലാണ് വിചാരണക്കോടതി കൈകാര്യം ചെയ്തിരിക്കുന്നതെന്ന് പോലിസുകാരന്‍ ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. സെഷന്‍സ് കോടതിക്ക് വിചാരണ നടത്താവുന്ന കേസും മജിസ്‌ട്രേറ്റ് കോടതിക്ക് വിചാരണ നടത്താവുന്ന കേസും വിചാരണക്കോടതി സംയോജിപ്പിച്ചിരിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അനധികൃതമായി ആയുധം കൈവശംവച്ചുവെന്നാരോപിച്ചാണ് ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ പോലിസ് അറസ്റ്റുചെയ്യുന്നത്. തുടര്‍ന്ന് പോലിസിന്റെ ക്രൂരമായ മര്‍ദനത്തിനൊടുവില്‍ പിതാവ് ജയിലില്‍വച്ച് മരണപ്പെടുകയായിരുന്നു. കൊലക്കേസും ആയുധംകൈവശംവച്ച കേസും ഒന്നിച്ചുകൊണ്ടുപോവുന്നതിനെയാണ് പോലിസുകാരന്‍ ചോദ്യംചെയ്തിരിക്കുന്നത്.

ഉന്നാവോ കേസിലെ പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗറിനെയും മറ്റ് ഒമ്പതുപേരെയും ഈ കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കൊലപാതകം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, വ്യാജതെളിവ് ചമയ്ക്കല്‍, ആയുധനിയമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. അതേസമയം, കേസിലെ പ്രതികളായ ഉത്തര്‍പ്രദേശിലെ മാഖി പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അശോക് സിങ് ഭദൗരിയ, എസ്‌ഐ കംത പ്രസാദ്, അമിത് ഖാന്‍ എന്നിവരുടെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

Next Story

RELATED STORIES

Share it