India

'വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമമല്ല'; വിവാദ പോക്‌സോ വിധിക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ

ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്‌സോ സെക്ഷന്‍ 8ല്‍നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവ് രണ്ടാഴ്ചത്തേയ്ക്കാണ് സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 12 വയസ്സുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്.

വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമമല്ല; വിവാദ പോക്‌സോ വിധിക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ
X

ന്യൂഡല്‍ഹി: ചര്‍മത്തില്‍ തൊടാതെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്‌സോ സെക്ഷന്‍ 8ല്‍നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവ് രണ്ടാഴ്ചത്തേയ്ക്കാണ് സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 12 വയസ്സുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്.

അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ വിവാദ ഉത്തരവ് ശ്രദ്ധയില്‍പ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രിംകോടതിയുടെ നടപടി. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹരജി സമര്‍പ്പിക്കാന്‍ സുപ്രിം കോടതി എജിയോട് നിര്‍ദേശിച്ചു. പോക്‌സോ സെക്ഷന്‍ 8 പ്രകാരം ലൈംഗിക അതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നേരിട്ടുള്ള സ്പര്‍ശനം വേണമെന്ന നിരീക്ഷണം ഗുരുതരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് എജി ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് അലോസരപ്പെടുത്തുന്നതാണ്. ഇത് അപകടകരമായ മാതൃക സൃഷ്ടിക്കുമെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. 'ബോംബെ ഹൈക്കോടതി വിധി എജി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി.

നേരിട്ട് ശാരീരികബന്ധമില്ലാത്തതിനാല്‍ കുറ്റം ചെയ്യുന്നതിന് പ്രതിക്ക് ലൈംഗിക ഉദ്ദേശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോക്‌സോയുടെ എട്ടാം വകുപ്പ് പ്രകാരം പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയത്. ഉത്തരവ് അപകടകരമായ മാതൃക സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന വാദം അംഗീകരിച്ചാണ് സ്‌റ്റേ ചെയ്തതെന്നും സുപ്രിംകോടതി വ്യക്തമാക്കി. ബോബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 12 വയസ്സുകാരിയെ പേരയ്ക്കാ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.

വിചാരണക്കോടതി പോക്‌സോ സെക്ഷന്‍ 8, ഐപിസി 354 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍, കേസിലെ പ്രതി കോടതി വിധിക്കെതിരേ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സെക്ഷന്‍ 8 പ്രകാരം വസ്ത്രം മാറ്റി ചര്‍മത്തില്‍ തൊടാതെ (Skin to Skin Contact) മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിക്കെതിരേ ചുമത്തിയ പോക്‌സോ പ്രകാരമുള്ള കേസ് ഒഴിവാക്കാനും ബോംബെ കോടതി നിര്‍ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it