India

കുനാല്‍ കമ്ര എന്ന പേരുള്ളയാളുടെ ടിക്കറ്റ് റദ്ദാക്കി; വിവാദമായപ്പോള്‍ തടിയൂരി എയര്‍ ഇന്ത്യ

താന്‍ കൊമേഡിയന്‍ കുനാല്‍ കമ്രയല്ലെന്ന് യാത്രക്കാരന്‍ വ്യക്തമാക്കിയതോടെയാണ് എയര്‍ഇന്ത്യ അധികൃതര്‍ക്ക് പറ്റിയ അമളി ബോധ്യപ്പെട്ടത്. ഇതോടെ ടിക്കറ്റ് വീണ്ടും നല്‍കി പ്രശ്‌നം പരിഹരിച്ചു.

കുനാല്‍ കമ്ര എന്ന പേരുള്ളയാളുടെ ടിക്കറ്റ് റദ്ദാക്കി;  വിവാദമായപ്പോള്‍ തടിയൂരി എയര്‍ ഇന്ത്യ
X

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയെ വിമാനയാത്രക്കിടെ വിമര്‍ശിച്ചതിന്റെ പേരില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിലക്ക് നേരിടുന്ന കുനാല്‍ കമ്രയെ ചൊല്ലിയുളള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കുനാലിന്റെ അതേപേരിലുള്ള യാത്രക്കാരന്റെ വിമാനടിക്കറ്റ് തെറ്റിദ്ധാരണ മൂലം എയര്‍ ഇന്ത്യ റദ്ദാക്കിയതാണ് വിവാദമായിരിക്കുന്നത്.

ജയ്പുര്‍-മുംബൈ വിമാനത്തില്‍ ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. താന്‍ കൊമേഡിയന്‍ കുനാല്‍ കമ്രയല്ലെന്ന് യാത്രക്കാരന്‍ വ്യക്തമാക്കിയതോടെയാണ് എയര്‍ഇന്ത്യ അധികൃതര്‍ക്ക് പറ്റിയ അമളി ബോധ്യപ്പെട്ടത്. ഇതോടെ ടിക്കറ്റ് വീണ്ടും നല്‍കി പ്രശ്‌നം പരിഹരിച്ചു.

ജയ്പുരില്‍ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ബോസ്റ്റണ്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ര എത്തിയത്. കൗണ്ടറില്‍ എത്തിയപ്പോള്‍ ബോര്‍ഡിംഗ് പാസ് നല്‍കാന്‍ എയര്‍ലൈന്‍ അധികൃതര്‍ തയാറായില്ല.

രണ്ടര മണിക്കൂര്‍ മുമ്പ് താന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അപ്പോഴാണ് ടിക്കറ്റ് റദ്ദാക്കിയതായി അറിഞ്ഞതെന്നും ബോസ്റ്റണ്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ര പറഞ്ഞു. തുടര്‍ന്ന് ചെക്കിംഗ് കൗണ്ടറില്‍ എത്തി തന്റെ ഒന്നിലധികം തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച ശേഷമാണ് അവര്‍ ഉദ്ദേശിച്ച ആളല്ല താനെന്ന് മനസിലാക്കിക്കാന്‍ സാധിച്ചത്. വളരെ മോശമായ അനുഭവമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊമേഡിയന്‍ കുനാല്‍ കമ്രയെ വിലക്കിയത് കൊണ്ട് ഒരേപേര് മൂലം മറ്റൊരു യാത്രക്കാരന്റെ ടിക്കറ്റ് സ്വയമേ റദ്ദാക്കപ്പെട്ടതാണ്. എന്നാല്‍, തിരിച്ചറിയാല്‍ രേഖകള്‍ കാണിച്ചതോടെ അദ്ദേഹത്തെ യാത്ര ചെയ്യാന്‍ അനുവദിച്ചുവെന്നും എയര്‍ ഇന്ത്യ വക്താവ് ധനജ്ഞയ് കുമാര്‍ പറഞ്ഞു. കൊളാറ്ററല്‍ ഡാമേജ് എന്നാണ് ഈ വിഷയത്തെ കുറിച്ച് കൊമേഡിയന്‍ കമ്ര വിശേഷിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മോശം പെരുമാറ്റം നടത്തിയെന്ന് ആരോപിച്ചാണ് കുനാല്‍ കമ്രയെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കം നാല് എയര്‍ലൈന്‍സുകള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കുനാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം.

ചോദ്യങ്ങള്‍ക്ക് അര്‍ണബ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുനാലിനെതിരെ വിലക്ക് വന്നത്.

Next Story

RELATED STORIES

Share it