India

ആലോക് വര്‍മയ്‌ക്കെതിരായ സിവിസി റിപോര്‍ട്ട് പുറത്തുവിടണം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

വര്‍മയെ പുറത്താക്കാന്‍ തീരുമാനമെടുത്ത ജനുവരി 10ലെ ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിട്‌സും സിവിസി റിപോര്‍ട്ടും പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.

ആലോക് വര്‍മയ്‌ക്കെതിരായ സിവിസി റിപോര്‍ട്ട് പുറത്തുവിടണം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
X

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ നീക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്ന കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സിവിസി) റിപോര്‍ട്ട് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. വര്‍മയെ പുറത്താക്കാന്‍ തീരുമാനമെടുത്ത ജനുവരി 10ലെ ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിട്‌സും സിവിസി റിപോര്‍ട്ടും പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വതന്ത്ര ഡയറക്ടര്‍ സിബിഐയെ നയിക്കുന്നതില്‍ പേടിയുണ്ടെന്നാണ് സര്‍ക്കാരിന്റെ ഈ പ്രവൃത്തിയില്‍നിന്നു വ്യക്തമാവുന്നത്. റിപോര്‍ട്ടുകള്‍ പുറത്തുവിടുന്നതിലൂടെ സര്‍ക്കാരിനു ക്ലീന്‍ചിറ്റ് ലഭിക്കും.

പൊതുജനങ്ങള്‍ക്ക് അവരുടേതായ തീരുമാനത്തിലെത്താമെന്നും ഖാര്‍ഗെ പറഞ്ഞു. ആലോക് വര്‍മയെ പുറത്താക്കാന്‍ തീരുമാനിച്ച ഉന്നതാധികാര സമിതിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അംഗമായിരുന്നു. എന്നാല്‍, ആലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യാനുള്ള തീരുമാനത്തെ ഖാര്‍ഗെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ഖാര്‍ഗെയുടെ എതിര്‍പ്പ് രേഖപ്പെടുത്തിയാണ് സമിതി യോഗത്തില്‍ വര്‍മയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.

സമിതിയിലെ മറ്റ് അംഗങ്ങളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജസ്റ്റിസ് എ കെ സിക്രിയും ആലോക് വര്‍മയെ പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ജസ്റ്റിസ് എ കെ പട്‌നായിക് തയ്യാറാക്കിയ സിവിസി റിപോര്‍ട്ടില്‍ അലോക് വര്‍മക്കെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നായിരുന്നു ഖാര്‍ഗെയുടെ അവകാശവാദം. എന്നാല്‍, ഇത് വകവെയ്ക്കാതെയാണ് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഉന്നതാധികാരസമിതി തീരുമാനിച്ചത്.

Next Story

RELATED STORIES

Share it