India

തമിഴ്‌നാട്: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയില്‍ നിന്നു തമിഴ്‌നാടിനെ ഒഴിവാക്കണമെന്നും സംസ്ഥാനത്തിനായി മാത്രം പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്

തമിഴ്‌നാട്: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
X

ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട മൂന്നു വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. നീറ്റ് പരീക്ഷാ ഫലം വന്ന ദിവസം രണ്ടു പേരും അടുത്ത ദിവസം ഒരാളുമാണ് ആത്മഹത്യ ചെയതത്. തിരുപൂര്‍ ജില്ലയിലെ വെള്ളിയങ്ങാടു സ്വദേശി റിതുശ്രീ, വിലുപ്പുറം ജില്ലയിലെ എം മോനിഷ, തഞ്ചാവൂര്‍ ജില്ലയിലെ പാട്ടുകോട്ടായ് സ്വദേശി വൈശ്യ എന്നിവരാണ് മരിച്ചത്. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു പ്രതീക്ഷിച്ചിരുന്ന വിദ്യാര്‍ഥിയാണ് റിതുവെന്നും പരാജയപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയില്‍ നിന്നു തമിഴ്‌നാടിനെ ഒഴിവാക്കണമെന്നും സംസ്ഥാനത്തിനായി മാത്രം പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം നീറ്റ് പരീക്ഷയെന്നതു വളരെ ബുദ്ധിമുട്ടേറിയതാണെന്നു എസ്എഫ്‌ഐ ആരോപിച്ചു. നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമി നടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കുമെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു ഉറപ്പു നല്‍കിയ എഐഡിഎംകെ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്നു ഡിവൈഎഫ്‌ഐയും ആരോപിച്ചു. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കു 50 ലക്ഷം ധനസഹായം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിഷയത്തില്‍ പരിശോധന ആവശ്യമാണെന്നും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

വിഷയത്തില്‍ അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ടിടിവി ദിനകരന്‍, രജനീകാന്ത് തുടങ്ങിയവരും രംഗത്തത്തി.

Next Story

RELATED STORIES

Share it