India

ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം: കൊലപാതകമെന്ന് അസം മുഖ്യമന്ത്രി

ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം: കൊലപാതകമെന്ന് അസം മുഖ്യമന്ത്രി
X

ഗുവാഹത്തി: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസം നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സുബീന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പ്രതിപക്ഷം കൊലയാളികളെ സംരക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സെപ്തംബര്‍ 19 നാണ് സിംഗപ്പൂരില്‍ നീന്തുന്നതിനിടെയുണ്ടായ അപകടത്തില്‍ സുബീന്‍ ഗാര്‍ഗ് മരണപ്പെട്ടത്. 'ഗ്യാങ്സ്റ്റര്‍' എന്ന ഹിന്ദി സിനിമയിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് സുബീന്‍ ഗാര്‍ഗ് ദേശീയ ശ്രദ്ധ നേടിയത്. കേസ് അന്വേഷിക്കുന്ന സംഘം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മ്മയുടെയും ശ്യാംകാനു മഹന്തയുടെയും വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു. പരിശോധന നടക്കുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സുബീന്‍ ഗാര്‍ഗിന്റെ മരണം മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ എങ്ങനെ ഇത് സംഭവിച്ചുവെന്നതിലാണ് അന്വേഷണം നടക്കുന്നത്. സിംഗപ്പൂരില്‍ ആദ്യ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം അസമില്‍ എത്തിച്ച് രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം കൂടി നടത്തിയിരുന്നു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാല്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെസ്റ്റിവല്‍ സംഘാടകര്‍ ഉള്‍പ്പെടെ ഗാര്‍ഗിനൊപ്പം സിംഗപ്പൂരില്‍ പോയ എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.





Next Story

RELATED STORIES

Share it