India

സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലിലി തോമസ് അന്തരിച്ചു

1959ല്‍ എല്‍എല്‍എം പൂര്‍ത്തിയാക്കിയതോടെ നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതയായി. 1960ല്‍ സുപ്രിംകോടതിയില്‍ പ്രാക്ടീസ് തുടങ്ങി. സുപ്രധാനമായ നിരവധി പൊതുതാല്‍പര്യ ഹരജികള്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലിലി തോമസ് അന്തരിച്ചു
X

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ മുതിര്‍ന്ന മലയാളി അഭിഭാഷക ലിലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്. 1955ല്‍ മദ്രാസ് ഹൈക്കോടതിയിലായിരുന്നു ലിലി തോമസ് അഭിഭാഷക ജീവിതത്തിനു തുടക്കം കുറിച്ചത്. 1959ല്‍ എല്‍എല്‍എം പൂര്‍ത്തിയാക്കിയതോടെ നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതയായി. 1960ല്‍ സുപ്രിംകോടതിയില്‍ പ്രാക്ടീസ് തുടങ്ങി. സുപ്രധാനമായ നിരവധി പൊതുതാല്‍പര്യ ഹരജികള്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് സംവിധാനത്തെ ചോദ്യംചെയ്താണ് അവര്‍ ആദ്യഹരജി നല്‍കുന്നത്.

അഭിഭാഷകരെ ഈ പരീക്ഷയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അധികാരമില്ലെന്നായിരുന്നു അവരുടെ നിലപാട്. സുപ്രിംകോടതി ഉള്‍പ്പടെ രാജ്യത്തുടനീളമുള്ള എല്ലാ കോടതികളിലും പ്രാക്ടീസ് ചെയ്യാന്‍ എല്ലാ അഭിഭാഷകര്‍ക്കും അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു ലിലി തോമസിന്റെ നിലപാട്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ വിലക്കണമെന്ന് സുപ്രിംകോടതി വിധിച്ചത് ലിലി തോമസ് നല്‍കിയ ഹരജിയിലാണ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷമോ അതില്‍കൂടുതലോ കാലം ശിക്ഷിക്കപ്പെട്ട നിയമസഭാംഗങ്ങള്‍ക്ക് അയോഗ്യതയായി.

വിധി അസാധുവാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കി. എന്നാല്‍, ഇതിനെതിരേ ലിലി തോമസ് കോടതിയില്‍ പുനപ്പരിശോധനാ ഹരജി സമര്‍പ്പിച്ചു. ഇതോടെ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടാവുകയും ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഏറ്റവുമൊടുവില്‍ മരട് ഫ്‌ളാറ്റ് വിഷയത്തിലും ലിലി തോമസ് സുപ്രിംകോടതിയില്‍ ഹാജരായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ ടി തോമസിന്റെയും അന്നമ്മയുടെയും മകളാണ്. കോട്ടയം സ്വദേശിയാണെങ്കിലും തിരുവനന്തപുരത്തായിരുന്നു കൂടുതല്‍ കാലം. അവിവാഹിതയാണ്.

Next Story

RELATED STORIES

Share it