India

പബ്ജിക്ക് അടിമ; മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍നിന്ന് 15കാരന്‍ തട്ടിയെടുത്തത് 2.34 ലക്ഷം

അക്കൗണ്ടില്‍നിന്ന് തുക പിന്‍വലിച്ചതായി മെസേജ് ശ്രദ്ധയില്‍പ്പെട്ട 65കാരന്‍ തിമാന്‍പൂര്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. അക്കൗണ്ട് ബാലന്‍സായി 275 രൂപ മാത്രമേയുള്ളൂ എന്നതായിരുന്നു സന്ദേശം. താന്‍ തട്ടിപ്പിനിരയായെന്ന് ചൂണ്ടിക്കാട്ടി 65കാരന്‍ പോലിസിനെ സമീപിക്കുകയായിരുന്നു.

പബ്ജിക്ക് അടിമ; മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍നിന്ന് 15കാരന്‍ തട്ടിയെടുത്തത് 2.34 ലക്ഷം
X

ന്യൂഡല്‍ഹി: പബ്ജി ഗെയിമിന് അടിമയായ 15കാരന്‍ മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍നിന്ന് തട്ടിയെടുത്തത് 2.34 ലക്ഷം രൂപ. ഡല്‍ഹിയിലെ തിമാന്‍പൂരിലാണ് സംഭവം. അക്കൗണ്ടില്‍നിന്ന് തുക പിന്‍വലിച്ചതായി മെസേജ് ശ്രദ്ധയില്‍പ്പെട്ട 65കാരന്‍ തിമാന്‍പൂര്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. അക്കൗണ്ട് ബാലന്‍സായി 275 രൂപ മാത്രമേയുള്ളൂ എന്നതായിരുന്നു സന്ദേശം. താന്‍ തട്ടിപ്പിനിരയായെന്ന് ചൂണ്ടിക്കാട്ടി 65കാരന്‍ പോലിസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് ഡിസ്ട്രിക്ടിലെ സൈബര്‍ സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നില്‍ പേരക്കുട്ടിയാണെന്ന് വ്യക്തമാവുന്നത്.

രണ്ടുമാസം കൊണ്ടാണ് അക്കൗണ്ടില്‍നിന്ന് രണ്ടുലക്ഷത്തിലധികം രൂപ 15കാരന്‍ പിന്‍വലിച്ചത്. അക്കൗണ്ടില്‍നിന്ന് പേടിഎം വാലറ്റിലേക്കാണ് രണ്ടുലക്ഷം രൂപ മാറ്റിയതെന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഒടിപി വഴിയായിരുന്നു തുക ട്രാന്‍സ്ഫര്‍ ചെയ്തത്. അന്വേഷണത്തില്‍ പങ്കജ് കുമാര്‍ എന്ന 23കാരന്റെ പേരിലാണ് പേടിഎം വാലറ്റ് എന്ന് കണ്ടെത്തി. 15 കാരന്റെ സുഹൃത്തായിരുന്നു പങ്കജ്. താനല്ല, തന്റെ സുഹൃത്താണ് വാലറ്റ് ഉപയോഗിച്ചതെന്ന് പങ്കജ് പോലിസിനോട് പറഞ്ഞു. ഇതോടെയാണ് 65കാരന്റെ ചെറുമകന്‍ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് പോലിസ് കണ്ടെത്തിയത്.

പബ്ജി ഗെയിമിലെ 'എയ്‌സ്്' റാങ്കിലെത്തുന്നതിനുവേണ്ടിയാണ് 15കാര്‍ ഇത്രയും വലിയ തുക തട്ടിയെടുത്തതെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (നോര്‍ത്ത്) ആന്റോ അല്‍ഫോന്‍സിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് ഏഴിനും മെയ് എട്ടിനുമടയിലുള്ള കാലയളവിലാണ് പണം പിന്‍വലിക്കല്‍ നടന്നത്. പലതവണകളായി 2,34,497 രൂപയാണ് ആകെ പിന്‍വലിച്ചത്.

തട്ടിപ്പ് കണ്ടുപിടിക്കാതിരിക്കാന്‍ മുത്തച്ഛന്റെ ഫോണില്‍ വരുന്ന ഒടിപി മെസേജുകള്‍ മനസ്സിലാക്കിയശേഷം ചെറുമകന്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ ആദ്യമൊന്നും തട്ടിപ്പിനെക്കുറിച്ച് സംശയം തോന്നിയിരുന്നില്ല. അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തത് ചെറുമകനാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ 65കാരന്‍ പരാതി പിന്‍വലിച്ചു. അതിനാല്‍, 15കാരനെതിരേ നിയമനടപടി സ്വീകരിക്കേണ്ടതില്ലെന്ന് പോലിസ് തീരുമാനിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it