India

വിളക്കുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം: ഭാരതത്തെ ഇരുട്ടിലേക്ക് തള്ളരുതെന്ന് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

ഇസ്‌ലാം, സിഖ്, ബുദ്ധ, ജൈന മതസ്ഥരെ സംബന്ധിച്ചിടത്തോളം ഇതില്‍ മതപരമായ ഒന്നുമില്ല. അതുകൊണ്ട് ഇതംഗീകരിക്കുന്നവര്‍ക്ക് ചെയ്യാവുന്നതാണ്. മുസ്‌ലിംകളും സിഖുകാരും ക്രൈസ്തവരും ജൈനരും ഇത് ചെയ്യേണ്ട ഒരാവശ്യവുമില്ല.

വിളക്കുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം: ഭാരതത്തെ ഇരുട്ടിലേക്ക് തള്ളരുതെന്ന് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്
X

ന്യൂഡല്‍ഹി: ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മിനിറ്റ് നേരത്തേക്ക് രാജ്യത്തെ എല്ലാ വിളക്കുകളും അണയ്ക്കണമെന്ന് പ്രധാനമന്ത്രി നടത്തിയ നിര്‍ദേശം അല്‍ഭുതകരമാണെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ സയ്യിദ് മുഹമ്മദ് വലിയ്യു റഹ്മാനി അഭിപ്രായപ്പെട്ടു. നല്ല നിലയില്‍ പ്രകാശിക്കുന്ന വിളക്കുകള്‍ അണച്ച് മൊബൈലിന്റെ വിളക്കുകളെ കത്തിക്കുന്നത് ന്യൂനതയാണ്. ഇത് നല്ല അവസ്ഥയില്‍നിന്നും ബലഹീനമായ അവസ്ഥയിലേക്ക് കൊണ്ടുപോവലാണ്. പ്രധാനമന്ത്രി ഈ വിഷയത്തില്‍ വളരെ മിടുക്കനാണ്. അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്തെ പൊതുജനങ്ങളെ നല്ല അവസ്ഥയില്‍നിന്നും മോശപ്പെട്ട അവസ്ഥയിലേക്ക് പലപ്പോഴും അദ്ദേഹം യാത്രചെയ്യിപ്പിച്ചിട്ടുണ്ട്.

ജിഎസ്ടി തെറ്റായ നിലയില്‍ നടപ്പാക്കി, തൊഴിലില്ലായ്മയുടെ വര്‍ധനവ്, കര്‍ഷകരോടുള്ള അവഗണന, രാജ്യത്തെ സാധുക്കളും തൊഴിലില്ലാത്തവരും വിദ്യാഭ്യാസമില്ലാത്തവരുമായ ജനങ്ങള്‍ക്കുമേല്‍ എന്‍പിആര്‍ മുതലായ പലതരം നിയമങ്ങള്‍ കൊണ്ടുവരിക എന്നീ കാര്യങ്ങളിലൂടെ പ്രധാനമന്ത്രി രാജ്യത്തെ നല്ല അവസ്ഥയില്‍നിന്നും മോശപ്പെട്ട അവസ്ഥയിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. എന്താണെങ്കിലും ഇരുട്ടിന്റെ ജോലി പ്രധാനമന്ത്രിക്ക് പറ്റിയതാണങ്കിലും ഈ രാജ്യത്തിന്റെ നന്‍മയ്ക്ക് ഒട്ടും യോജിച്ചതല്ല. കൂടാതെ ഇത് പ്രശ്‌നമാവുമെന്ന് വൈദ്യുതി വകുപ്പും വ്യക്തമാക്കുന്നു. ഇതുമൂലം കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ഒരാഴ്ച സമയം പിടിക്കുമെന്ന് അവര്‍ ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇക്കാരണത്താല്‍ കൊറോണ രോഗികളുടെ ചികില്‍സയില്‍ വലിയ പ്രയാസങ്ങളുണ്ടാക്കുമെന്ന് മൗലാനാ സയ്യിദ് മുഹമ്മദ് വലിയ്യു റഹ്മാനി ചൂണ്ടിക്കാട്ടി.

അഞ്ചിന് രാത്രി പ്രത്യേക പ്രകാശം കത്തിക്കാനും അതിന് മുമ്പ് പാത്രങ്ങള്‍ മുട്ടി ശബ്ദമുണ്ടാക്കാനും പ്രധാനമന്ത്രി നടത്തിയ ആഹ്വാനം ഹൈന്ദവ ആചാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കാന്‍ സാധ്യതയുണ്ട്. ഈ നിലയ്ക്ക് അദ്ദേഹം ആ ആചാരങ്ങള്‍ പരത്താന്‍ പരിശ്രമിക്കുകയായിരിക്കാം. പക്ഷേ, ഇസ്‌ലാം, സിഖ്, ബുദ്ധ, ജൈന മതസ്ഥരെ സംബന്ധിച്ചിടത്തോളം ഇതില്‍ മതപരമായ ഒന്നുമില്ല. അതുകൊണ്ട് ഇതംഗീകരിക്കുന്നവര്‍ക്ക് ചെയ്യാവുന്നതാണ്. മുസ്‌ലിംകളും സിഖുകാരും ക്രൈസ്തവരും ജൈനരും ഇത് ചെയ്യേണ്ട ഒരാവശ്യവുമില്ല. പ്രത്യേകിച്ച് ഇസ്‌ലാമില്‍ ഇത്തരം ആചാരങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് പ്രകാശം പരത്തുന്നതിലൂടെ മാത്രമേ ഇല്ലാതാവുകയുള്ളൂ എന്ന കാഴ്ചപ്പാട് പ്രധാനമന്ത്രിയുടേതായിരിക്കാം.

പക്ഷേ, എന്നേപ്പോലെയുള്ള സാധുക്കളായ ആളുകള്‍ക്ക് ജനങ്ങളോട് പറയാനുള്ള കാര്യം എല്ലാവരും അവരവരുടെ വീടുകളില്‍തന്നെ ഒതുങ്ങിയിരിക്കണമെന്നും ദൈവത്തെ ആരാധിക്കണമെന്നും അയല്‍വാസികളില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കണമെന്നും ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്നുമാണ്. പ്രത്യേകിച്ചും ഈ വഴിയില്‍ വലിയ സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിലെ സേവകന്‍മാര്‍ക്കും നാം പരിപൂര്‍ണപിന്തുണ കൊടുക്കുകയും അവരുടെ സേവനങ്ങളെ വിലമതിക്കുകയും കഴിവിന്റെ പരമാവധി സഹായങ്ങള്‍ ചെയ്യുകയും വേണം. നമ്മുടെ രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും രോഗികളുടെ ശമനത്തിനുമായി ഓരോ വീടുകളിലും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it