India

ജാമിഅ വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസിന്റെ ലൈംഗികാതിക്രമം ഞെട്ടിപ്പിക്കുന്നത്; ജുഡീഷ്യല്‍ അന്വേഷണം വേണം: എസ് ഡിപിഐ

സംഘപരിവാരം അധികാരത്തില്‍ വന്നതിനുശേഷം ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരായ പോലിസിന്റെ അതിക്രമങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആര്‍എസ്എസ് ഗുണ്ടകളുടെ തെരുവ് ആക്രമണങ്ങളും വര്‍ധിച്ചുവരികയാണെന്ന് ഷെഫി പറഞ്ഞു.

ജാമിഅ വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസിന്റെ ലൈംഗികാതിക്രമം ഞെട്ടിപ്പിക്കുന്നത്; ജുഡീഷ്യല്‍ അന്വേഷണം വേണം: എസ് ഡിപിഐ
X

ന്യൂഡല്‍ഹി: ജാമിഅ വിദ്യാര്‍ഥികള്‍ക്കെതിരായ ഡല്‍ഹി പോലിസിന്റെ അപരിഷ്‌കൃതമായ ലൈംഗികാതിക്രമം ഞെട്ടിപ്പിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എസ് ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫി. സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ വംശീയവും ഭീകരവുമായ അതിക്രമത്തെ അദ്ദേഹം അപലപിച്ചു. ഈ വര്‍ഷം ഫെബ്രുവരി 10ന് കാംപസില്‍ നടന്ന പോലിസ് അതിക്രമങ്ങളും പീഡനങ്ങളും ഉള്‍പ്പെടെയുള്ള ഭയാനകമായ സംഭവങ്ങള്‍ നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ (എന്‍എഫ്‌ഐഡബ്ല്യു) പുറത്തുവിട്ട വസ്തുതാന്വേഷണ റിപോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

45 വിദ്യാര്‍ഥികളെയെങ്കിലും പോലിസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പൗരത്വപ്രക്ഷോഭത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളും ജീവനക്കാരും ക്രൂരമായി ആക്രമിക്കപ്പെട്ടു. 15 ഓളം സ്ത്രീകളുടെയും 30 പുരുഷന്‍മാരുടെയും സ്വകാര്യഭാഗങ്ങളില്‍ പോലിസ് അതിക്രമം കാണിച്ചു. പുരുഷ പോലിസുകാര്‍ സ്ത്രീകളെ ഉപദ്രവിച്ചു. അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ചു. മാറിടങ്ങളില്‍ പ്രഹരിക്കുകയും ബൂട്ട്സ് ഉപയോഗിച്ച് കുത്തുകയും ചെയ്തു. അവരുടെ സ്വകാര്യഭാഗങ്ങളില്‍ പോലും ബാറ്റണ്‍ കൊണ്ടുകുത്തി. കുറഞ്ഞത് 15 സ്ത്രീകളുടെയെങ്കിലും സ്വകാര്യഭാഗങ്ങളില്‍ പരിക്കേറ്റു. 16 വയസ്സിന് താഴെയുള്ളവരും 60 വയസ് വരെ പ്രായമുള്ള സ്ത്രീകളും ലൈംഗികാതിക്രമത്തിന് ഇരയായി.

ഗുരുതരമായ പീഡനത്തിന്റെ ഫലമായുണ്ടായ ആഘാതം, വേദന, പഴുപ്പ്, രക്തസ്രാവം എന്നിവ കാരണം ഇരകള്‍ ആഴ്ചകളോളം കിടപ്പിലായി. പുരുഷന്‍മാര്‍ക്കെതിരായ അരക്കെട്ടിനും മലാശയത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടായി. സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരേ രാസവാതകം ഉപയോഗിച്ചതിനെക്കുറിച്ചും പ്ലെയിന്‍ വസ്ത്രങ്ങളിലോ വ്യാജയൂനിഫോമിലോ പോലിസിനൊപ്പം ആക്രമണത്തില്‍ ചിലര്‍ പങ്കാളികളായതിനെക്കുറിച്ചും വിദ്യാര്‍ഥികളും അധ്യാപകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജെഎന്‍യുവിലും ജാമിഅയിലും കാംപസിനുള്ളില്‍ ആക്രമണങ്ങള്‍ നടത്തിയവരില്‍ നെയിം പ്ലേറ്റുകളും ബാഡ്ജുകളും ഇല്ലാത്ത പോലിസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു.

ആക്രമണകാരികളില്‍ ചിലര്‍ ജീന്‍സ്, പോലിസ് ഇതര ഹെല്‍മെറ്റ്, സിവിലിയന്‍ വസ്ത്രങ്ങള്‍ക്ക് മുകളില്‍ വസ്ത്രം എന്നിവ ധരിച്ചവരായിരുന്നു. ആക്രമണകാരികളുടെ പ്രതികാരനടപടിയുടെ തീവ്രത അസാധാരണമായിരുന്നെന്ന് എന്‍എഫ്‌ഐഡബ്ല്യു പ്രസിഡന്റ് അരുണ റോയ് പറയുന്നു. ഇതുവരെ തലസ്ഥാനത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത വിധമുള്ള ഡല്‍ഹി പോലിസിന്റെ വൃത്തികെട്ട പ്രവൃത്തി ഒരു പരിഷ്‌കൃതസമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രതിച്ഛായയ്ക്ക് കളങ്കമാണ്.

സംഘപരിവാരം അധികാരത്തില്‍ വന്നതിനുശേഷം ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരായ പോലിസിന്റെ അതിക്രമങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആര്‍എസ്എസ് ഗുണ്ടകളുടെ തെരുവ് ആക്രമണങ്ങളും വര്‍ധിച്ചുവരികയാണെന്ന് ഷെഫി പറഞ്ഞു. ഡല്‍ഹി പോലിസിന്റെ ഭീകരമായ ലൈംഗികപീഡനത്തെക്കുറിച്ച് നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉടന്‍ ഉത്തരവിറക്കണമെന്നും കുറ്റവാളികള്‍ക്കെതിരേ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it