India

കൊവിഡ്: ഓക്സ്ഫഡ് വാക്സിന്‍ ഏപ്രിലില്‍ രാജ്യത്ത് ലഭ്യമാവുമെന്ന് സിറം ഇന്ത്യ; രണ്ട് ഡോസിന് പരമാവധി 1,000 രൂപ

രണ്ടുഡോസ് വാക്സിനെടുക്കാന്‍ തയ്യാറാവുകയാണെങ്കില്‍ 2024 ഓടെ എല്ലാവര്‍ക്കും ഇത് എത്തിയിരിക്കുമെന്ന് സിഇഒ വ്യക്തമാക്കി. ഒരു ഡോസിന് 5-6 ഡോളറാണ് വിലവരുന്നത്. ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് 1,000 രൂപ വരെയാവും- പൊതുജനത്തിന് എന്തുവിലയ്ക്ക് വാക്സിന്‍ നല്‍കുമെന്ന ചോദ്യത്തിന് സിറം സിഇഒ മറുപടി നല്‍കി.

കൊവിഡ്: ഓക്സ്ഫഡ് വാക്സിന്‍ ഏപ്രിലില്‍ രാജ്യത്ത് ലഭ്യമാവുമെന്ന് സിറം ഇന്ത്യ; രണ്ട് ഡോസിന് പരമാവധി 1,000 രൂപ
X

ന്യൂഡല്‍ഹി: ഓക്സ്ഫഡ് കൊവിഡ് പ്രതിരോധ വാക്സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെയും പൊതുജനങ്ങള്‍ക്ക് ഏപ്രില്‍ മാസത്തോടെയും ലഭ്യമാവുമെന്ന് വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അന്തിമ ട്രയല്‍ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ രണ്ട് ഡോസുകള്‍ പരമാവധി 1,000 രൂപയ്ക്ക് നല്‍കാനാവുമെന്ന് സിറം ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2020ല്‍ (എച്ച്ടിഎല്‍എസ്) പങ്കെടുത്ത് സംസാരിക്കവെയാണ് സിഇഒ ഇക്കാര്യം വ്യക്തമാക്കിയത്. 2024 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഇന്ത്യക്കാര്‍ക്കും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ രണ്ടോ മൂന്നോ വര്‍ഷമെടുക്കും. വിതരണ തടസ്സങ്ങള്‍ മാത്രമല്ല പ്രശ്‌നം. സാമ്പത്തിക ചെലവ്, വാക്സിന്‍ ലോജിസ്റ്റിക്, അടിസ്ഥാന സൗകര്യങ്ങള്‍, വാക്സിനെടുക്കാനുള്ള ആളുകളുടെ താത്പര്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് 80-90 ശതമാനം പേര്‍ക്കും വാക്സിനെടുക്കാന്‍ സാധിക്കുക.

രണ്ടുഡോസ് വാക്സിനെടുക്കാന്‍ തയ്യാറാവുകയാണെങ്കില്‍ 2024 ഓടെ എല്ലാവര്‍ക്കും ഇത് എത്തിയിരിക്കുമെന്ന് സിഇഒ വ്യക്തമാക്കി. ഒരു ഡോസിന് 5-6 ഡോളറാണ് വിലവരുന്നത്. ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് 1,000 രൂപ വരെയാവും- പൊതുജനത്തിന് എന്തുവിലയ്ക്ക് വാക്സിന്‍ നല്‍കുമെന്ന ചോദ്യത്തിന് സിറം സിഇഒ മറുപടി നല്‍കി. അതേസമയം, കേന്ദ്രസര്‍ക്കാരിന് വാക്സിന്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. 3-4 യുഎസ് ഡോളര്‍ നല്‍കിയാല്‍ മതിയാവും. ഇത് വലിയ അളവില്‍ വാങ്ങുകയും കോവാക്‌സിന് ലഭിച്ചതിന് സമാനമായ വിലയിലേക്ക് വിതരണം ചെയ്യുകയും ചെയ്യും.

ഇന്ന് വിപണിയിലുള്ള മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് വളരെ വിലകുറഞ്ഞതും താങ്ങാനാവുന്നതുമാണ് തങ്ങള്‍ ലഭ്യമാക്കുന്നതെന്നും പൂനവല്ല പറഞ്ഞു. ഓക്സ്ഫഡ്- അസ്ട്രസെനക വാക്സിന്‍ സംബന്ധിച്ച് നേരത്തെ ആശങ്കയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പ്രായമായവരില്‍ പോലും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തെളിയുന്നതെന്ന് ഫലപ്രാപ്തി സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വാക്‌സിന്‍ ദീര്‍ഘകാല പ്രതിരോധശേഷിയും ആന്റിബോഡിയും നല്‍കുന്നു. എത്ര കാലത്തേക്ക് വാക്സിന്‍ പ്രതിരോധ സംരക്ഷണം നല്‍കുമെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാവില്ലെന്നും ഇക്കാര്യത്തില്‍ ആര്‍ക്കുംതന്നെ ഉത്തരം നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷണത്തില്‍ വലിയ പരാതികളോ പ്രതികൂലസംഭവങ്ങളോ ഒന്നുംതന്നെ ഇതുവരെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും കാത്തിരുന്ന് കണ്ടേണ്ടതുണ്ട്. ഇന്ത്യയില്‍ നടത്തിയ അന്തിമപരീക്ഷണങ്ങളുടെ ഫലപ്രാപ്തിയും രോഗപ്രതിരോധഫലങ്ങളും ഒരുമാസത്തിനുള്ളില്‍ പുറത്തുവരും. യുകെ അധികാരികളും യൂറോപ്യന്‍ മെഡിസിന്‍സ് ഇവാലുവേഷന്‍ ഏജന്‍സിയും (ഇഎംഇഎ) അംഗീകാരം നല്‍കിയാലുടന്‍ ഇന്ത്യയിലെ ഡ്രഗ്‌സ്് കണ്‍ട്രോളറിന്റെ അനുമതിയോടെ അടിയന്തര ഉപയോഗം സാധ്യമാവും. ആദ്യഘട്ടം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്കും പരിമിതമായ തരത്തിലായിരിക്കും ഉപയോഗിക്കുക. സുരക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതുവരെ കുട്ടികള്‍ വാക്‌സിനായി കാത്തിരിക്കേണ്ടിവരും. കൊവിഡ് അവരെ അത്ര ഗുരുതരമായി ബാധിക്കില്ലെന്നാണ് സന്തോഷവാര്‍ത്തയെന്നും പൂനവല്ല കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it