India

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായ ഒമ്പത് കർഷകർ ഒരു മാസത്തിനിടെ മരണപ്പെട്ടു

കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ കർഷകർ ഒമ്പത് പേരെയും രക്തസാക്ഷികളായാണ് കണക്കാക്കുന്നത്.

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായ ഒമ്പത് കർഷകർ ഒരു മാസത്തിനിടെ മരണപ്പെട്ടു
X

ലുധിയാന: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന ഒമ്പത് കർഷകരാണ് സെപ്തംബർ 18 മുതൽ മരണപ്പെട്ടത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇതുവരെ സംസ്‌കരിച്ചിട്ടില്ല. ഈ ഒമ്പത് പേരിൽ ഒരാൾ സ്വന്തം ജീവൻ അപഹരിച്ചപ്പോൾ മറ്റുള്ളവർ ആരോഗ്യപ്രശ്നങ്ങളാൽ മരിച്ചു. എന്നിരുന്നാലും, കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ കർഷകർ ഒമ്പത് പേരെയും രക്തസാക്ഷികളായാണ് കണക്കാക്കുന്നത്.

പ്രീതം സിങ് (65)

സെപ്തംബർ 18 ന് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ വീടിന് പുറത്തു നടന്ന ധർണ സമരത്തിനിടെ മൻസ ഗ്രാമത്തിലെ അക്കൻവാലി സ്വദേശിയായ പ്രീതം സിങ് (65) സൾഫാസ് ഗുളിക കഴിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ലോക്‌സഭയിൽ കാർഷിക ബില്ല് പാസായതിന് പിറ്റേന്നാണ് അദ്ദേഹം മരണപ്പെട്ടത്. സെപ്തംബർ 15 മുതൽ ബാദലിന്റെ വീടിന് പുറത്ത് അനിശ്ചിതകാല ധർണ നടക്കുകയായിരുന്നു. സർക്കാർ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. വായ്പ എഴുതിത്തള്ളുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തു.

മുക്തിയാർ സിങ് (62)

കുറച്ച് ദിവസങ്ങൾക്ക് ശേഷം സെപ്തംബർ 22 ന് ബാദൽ ഗ്രാമത്തിൽ നിന്ന് മൻസ ജില്ലയിലെ കിഷൻഗഡ് ഗ്രാമത്തിലേക്ക് 40 ഓളം കർഷകരുമായി പോയ ബസ് ബതിന്ദയിലെ കോട്ട് ഭാര ഗ്രാമത്തിൽ അപകടത്തിൽപ്പെട്ടു. കിഷൻ​ഗഡിലെ മുക്തിയാർ സിങ് (62) അപകടത്തെ തുടർന്ന് മരണപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. ബാദൽ ഗ്രാമത്തിലെ ഉപരോധം അവസാനിച്ചതിനെത്തുടർന്ന് ഈ ബസ് കർഷകരെ എത്തിക്കുകയായിരുന്നു. 3 ദിവസത്തെ പ്രതിഷേധത്തിന് ശേഷം മുക്താർ സിങ്ങിന്റെ മൃതദേഹം സംസ്‌കരിച്ചു.

വസീർ സിങ് (70)

ഇതേ അപകടത്തിൽ പരിക്കേറ്റ മറ്റൊരു കർഷകനായ വസീർ സിങ്ങും (70) ഒക്ടോബർ 3 ന് ബതിന്ദ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. അദ്ദേഹം കിഷൻഗഡിൽ നിന്നുള്ളയാളായിരുന്നു. കർഷക യൂനിയനുകളുടെ ആവശ്യത്തെത്തുടർന്ന് സർക്കാരിൽ നിന്ന് യാതൊരു പ്രതികരണവും കാത്തുനിൽക്കാതെ അദ്ദേഹത്തിന്റെ കുടുംബം മൃതദേഹം സംസ്കരിച്ചു.

ജസ്പാൽ സിങ് (60)

ബർണാലയിലെ മെഹൽ കലാനിൽ നിന്നുള്ള കർഷകൻ, ജസ്പാൽ സിങ് (60) ഒക്ടോബർ 5 ന് പ്രക്ഷോഭത്തിൽ സംസാരിച്ചുകൊണ്ടിരിക്കേ വേദിയിൽ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമേഹ രോഗിയായ ഇദ്ദേഹത്തിന്റെ പഞ്ചസാരയുടെ അളവ് ഉയരുകയായിരുന്നു. ഡെമോക്രാറ്റിക് കിസാൻ സഭയുടെ (ഡികെഎസ്) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ജസ്പാൽ

മേഘ് ദാസ് നാഗ്രി (62)

ഒക്ടോബർ ഒമ്പതിന് സംഗ്രൂരിലെ നാഗ്രി ഗ്രാമത്തിലെ കവിഷാർ മേഘ് രാജ് നാഗ്രിക്ക് ലുധിയാന-ധൂരി സംസ്ഥാനപാതയിലെ പ്രധാന റോഡിൽ പ്രതിക്ഷോഭത്തിനിടെ ഹൃദയാഘാതം സംഭവിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോഴും സിവിൽ ഹോസ്പിറ്റലിന്റെ മോർച്ചറിയിലാണ്, സംഗ്രൂർ, ദുരി-ലുധിയാന ഹൈവേ ഒക്ടോബർ 9 മുതൽ ഉപരോധിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ബികെയു അംഗമായിരുന്നു.

തേജ് കൗർ (80)

അതേ ദിവസം തന്നെ തേജ് കൗർ (80) ബുദ്ധലദ റെയിൽ‌വേ സ്റ്റേഷനിലെ റെയിൽ‌വേ ഉപരോധത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ അവർ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ബികെയുവിൽ അം​ഗമായിരുന്നു അവർ. അവരുടെ മൃതദേഹം ഇപ്പോഴും ബുദ്ധലദ സിവിൽ ഹോസ്പിറ്റൽ മോർച്ചറിയിലാണ്

ലാബ് സിങ് (65)

ഒക്ടോബർ 15 മുതൽ സംഗ്രൂരിലെ ഭുള്ളഹേരിയിലെ ലാബ് സിങ് (65) ന് ഹൃദയാഘാതം സംഭവിച്ചു. ഒക്ടോബർ 1 മുതൽ അദ്ദേഹം പൂർണമായും പ്രക്ഷോഭത്തിൽ സജീവമായിരുന്നു. ബികെയു ആയിരുന്നു ഈ ധർണ സംഘടിപ്പിച്ചിരുന്നത്. ഒക്ടോബർ 15 ന് പുലർച്ചെയാണ് അദ്ദേഹം മരിച്ചത്. എന്നാൽ, മകൻ നസം സിങ് മൃതദേഹം സംസ്‌കരിച്ചു.

ഹർബൻസ് സിങ് (62)

ഒക്ടോബർ 17 മുതൽ കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധത്തിൽ ബികെയു (സിദ്ധുപൂർ) ജില്ലാതല നേതാവ് ഹർബൻസ് സിങ് (62) പങ്കെടുക്കുകയായിരുന്നു. പട്യാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ജഗരാജ് സിങ് (57)

ഒക്ടോബർ 17 ന് മരിച്ച മറ്റൊരു കർഷകനായ ജഗരാജ് സിംഗ് (57) മൻസ റെയിൽ‌വേ സ്റ്റേഷനിൽ നടന്ന ഉപരോധത്തിനിടെ അവശനാവുകയായിരുന്നു. ബികെയു (കാഡിയൻ) അംഗമായിരുന്നു. മൻസ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹം ചികിൽസയ്ക്കിടെ മരിച്ചു. അദ്ദേഹത്തിനും ഹൃദയാഘാതം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ സംസ്‌കരിക്കാനായിട്ടില്ല, എന്നാൽ ജ​ഗരാജിന്റെ മകന് കരാർ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിൽ ജോലിയും 3 ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിച്ച ശേഷം ചൊവ്വാഴ്ച സംസ്‌കരിക്കാൻ കുടുംബം സമ്മതിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it