India

മഹാരാഷ്ട്രയില്‍ അടിമുറുകുന്നു; ചര്‍ച്ച റദ്ദാക്കി ശിവസേന

ബിജെപിയുമായി ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപവല്‍ക്കരണനീക്കങ്ങള്‍ അനിശ്ചിതത്വത്തിലായി.

മഹാരാഷ്ട്രയില്‍ അടിമുറുകുന്നു; ചര്‍ച്ച റദ്ദാക്കി ശിവസേന
X

മുംബൈ: മുഖ്യമന്ത്രിപദവിയെച്ചൊല്ലി മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും തമ്മില്‍ അടിമുറുകുന്നു. ബിജെപിയുമായി ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപവല്‍ക്കരണനീക്കങ്ങള്‍ അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രിപദം പങ്കുവയ്ക്കുന്നതുസംബന്ധിച്ച് ശിവസേനയ്ക്ക് നേരത്തേ ഉറപ്പൊന്നും കൊടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വ്യക്തമാക്കിയതിനുപിന്നാലെയാണ് ചര്‍ച്ചയില്‍നിന്ന് പിന്മാറുന്ന കാര്യം ശിവസേന അറിയിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മുംബൈ സന്ദര്‍ശനവും മാറ്റിയിട്ടുണ്ട്.

മുഖ്യമന്ത്രിപദം രണ്ടരവര്‍ഷംവീതം പങ്കുവയ്ക്കണമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്ന ഉറപ്പ് പാലിക്കണമെന്ന് ശിവസേനയും അതുപറ്റില്ലെന്ന് ബിജെപിയും ശഠിക്കുന്നതുകാരണമാണ് തിരഞ്ഞെടുപ്പുഫലം വന്ന് അഞ്ചുദിവസം പിന്നിട്ടിട്ടെങ്കിലും മന്ത്രിസഭാരൂപവല്‍ക്കരണത്തിലേക്ക് കടക്കാന്‍ ഭരണമുന്നണിക്ക് കഴിയാതെവന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മുഖ്യമന്ത്രിപദം 50:50 അനുപാതത്തില്‍ പങ്കുവയ്ക്കാമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ലോക്‌സഭാ തിരഞ്ഞടുപ്പുവേളയില്‍ ഉറപ്പുനല്‍കിയിരുന്നു എന്നാണ് ശിവസേന പറയുന്നത്.

എന്നാല്‍, അങ്ങിനെയൊരു ഉറപ്പ് ആരും ശിവസേനയ്ക്ക് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച പറഞ്ഞു. ഈ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. ഫഡ്‌നാവിസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ സത്യത്തിന്റെ നിര്‍വചനംതന്നെ മാറ്റേണ്ടിവരുമെന്ന് ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അമിത് ഷായുടെ സാന്നിധ്യത്തില്‍ ഫഡ്‌നാവിസ്തന്നെയാണ് പദവികള്‍ തുല്യമായി പങ്കുവയ്ക്കാമെന്ന നിര്‍ദേശം വച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫഡ്‌നാവിസ് ഇതേക്കുറിച്ച് സംസാരിക്കുന്ന വീഡിയോദൃശ്യവും ശിവസേന പുറത്തുവിട്ടിട്ടുണ്ട്.

ഫഡ്‌നാവിസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് നടക്കാനിരുന്ന ചര്‍ച്ചയില്‍നിന്ന് പിന്മാറാന്‍ ശിവസേനാനേതാവ് ഉദ്ധവ് താക്കറെ നിര്‍ദേശം നല്‍കിയതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച നടക്കുന്ന ബിജെപി നിയമസഭാകക്ഷിയോഗത്തില്‍ സംബന്ധിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടാവില്ലെന്ന് ഫഡ്‌നാവിസ് ചൊവ്വാഴ്ച അറിയിച്ചു.

അതിനിടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 45 ശിവസേനാ എംഎല്‍എമാര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി രാജ്യസഭാംഗം സഞ്ജയ് കാക്കഡെ അവകാശപ്പെട്ടു.

അതേ സമയം, ശിവസേന സമീപിച്ചാല്‍ പിന്തുണനല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിഥ്വിരാജ് ചവാന്‍ പറഞ്ഞു. എന്നാല്‍, ഇതുവരെ അങ്ങിനെയൊരു നീക്കമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 44 സീറ്റുകളുള്ള കോണ്‍ഗ്രസിന്റെയും 54 സീറ്റുകളുള്ള എന്‍സിപിയുടെയും പിന്തുണയുണ്ടെങ്കില്‍ ശിവസേനയക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയും.

Next Story

RELATED STORIES

Share it