India

കർഷകരുടെ 9 കോടി രൂപ മുക്കി; മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎക്കെതിരേ കേസ്

ഗംഗാപൂർ സഹകരണ പഞ്ചസാര ഫാക്ടറിയുടെ പേരിലാണ് സഹകരണ സംഘത്തിന്റെ ചെയർമാൻ കൂടിയായ പ്രശാന്ത് കർഷകരിൽ നിന്ന് ഒമ്പത് കോടി രൂപ നിക്ഷേപമായി സ്വീകരിച്ചത്.

കർഷകരുടെ 9 കോടി രൂപ മുക്കി; മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎക്കെതിരേ കേസ്
X

ഔറംഗബാദ്: കർഷകരുടെ 9 കോടി രൂപ മുക്കിയ കേസിൽ ബിജെപി എംഎൽഎക്കും പതിനഞ്ച് പേർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തു. പഞ്ചസാര ഫാക്ടറി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് കരിമ്പു കർഷകർ ഒമ്പത് കോടി രൂപ നിക്ഷേപിച്ചത്. ഔറംഗബാദ് ജില്ലയിലെ ഗംഗാപൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എം‌എൽ‌എ പ്രശാന്ത് ബാംബാണ് കർഷകരുടെ ഒമ്പത് കോടി രൂപ മുക്കിയത്.

ഗംഗാപൂർ സഹകരണ പഞ്ചസാര ഫാക്ടറിയുടെ പേരിലാണ് സഹകരണ സംഘത്തിന്റെ ചെയർമാൻ കൂടിയായ പ്രശാന്ത് കർഷകരിൽ നിന്ന് ഒമ്പത് കോടി രൂപ നിക്ഷേപമായി സ്വീകരിച്ചത്. ഇതുമായി ബന്ധമില്ലാത്ത ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറി തട്ടിപ്പുനടത്തി എന്നാണ് കേസ്.

കരിമ്പു കർഷകനായ കൃഷ്ണ പാട്ടീൽ ദൊംഗോങ്കർ പരാതി നൽകിയതിനെ തുടർന്നാണ് ഗംഗാപൂർ പോലിസ് എംഎൽഎക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 420, 406, 467 , 468, 469, 471, 120-ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കർഷകരിൽ നിന്ന് സ്വരൂപിച്ച പണം ഇക്കാര്യവുമായി ബന്ധമില്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പരാതിക്കാരനായ കൃഷ്ണ പാട്ടിൽ ആരോപിച്ചു.

എന്നാൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബാംബ് പറഞ്ഞു. സമ്മർദത്തിലാണ് പരാതി രജിസ്റ്റർ ചെയ്തതെന്ന് എം‌എൽ‌എ പറഞ്ഞു. ഫാക്ടറി പ്രവർത്തനക്ഷമമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it