India

മധ്യപ്രദേശില്‍ 50 ശതമാനം പോളിങ്; വോട്ടര്‍പട്ടികയില്‍ നിന്നു കോണ്‍ഗ്രസുകാര്‍ പുറത്ത്

മധ്യപ്രദേശ് നിയമസഭാ തരഞ്ഞെടുപ്പില്‍ ഉച്ചയ്ക്കു മൂന്നുമണി വരെ 50 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. എവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല.

മധ്യപ്രദേശില്‍ 50 ശതമാനം പോളിങ്; വോട്ടര്‍പട്ടികയില്‍ നിന്നു കോണ്‍ഗ്രസുകാര്‍ പുറത്ത്
X

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തരഞ്ഞെടുപ്പില്‍ ഉച്ചയ്ക്കു മൂന്നുമണി വരെ 50 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. എവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല. അതിനിടെ, ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അന്തിമ വോട്ടര്‍പട്ടികയില്‍ നിന്നു കോണ്‍ഗ്രസ് അനുഭാവികളായ വോട്ടര്‍മാരുടെ പേര് അപ്രത്യക്ഷമായെന്നും കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായി തകരാറുണ്ടായത് ദുരൂഹമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഭോപ്പാല്‍ നോര്‍ത്ത് മണ്ഡലത്തിലെ 30ാം വാര്‍ഡിലെ 278ാം ബൂത്തിലെ വോട്ടര്‍പട്ടികയില്‍ നിന്നു 100 കോണ്‍ഗ്രസ് വോട്ടര്‍മാരാണ് പുറത്തായത്. ഇതിനു പിന്നില്‍ സ്ഥലത്തെ ബിജെപി എംഎല്‍എയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ തന്നെ വിവിധ മേഖലകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ തകരാറ് ആരോപണങ്ങള്‍ക്കിടയാക്കിയിരുന്നു. ഉച്ചയ്ക്കു ശേഷം വോട്ടെടുപ്പ് പുരോഗമിക്കുമ്പോഴും പലയിടത്തും ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് മുമ്പു തന്നെ 250 ഇവിഎമ്മുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മാറ്റിയിരുന്നു.

ഇതേത്തുടര്‍ന്ന് പല ബൂത്തുകളിലും മണിക്കൂറുകളോളം വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലാണ് ഇവിഎം തകരാറിലാവുന്നതെന്നും സുഗമമായ പോളിങ് നടക്കുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീ പോളിങിനെ കുറിച്ച് ആലോചിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് ആരോപിച്ചു.

അതിനിടെ, യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടതിനാല്‍ സമയം നീട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറുകള്‍ക്കകം തന്നെ തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടു തുടങ്ങിയിരുന്നു. അലിരാജ്പൂര്‍ മണ്ഡലത്തില്‍ 11 ഉം ബുര്‍ഹാന്‍പൂരില്‍ അഞ്ചും വിവിപാറ്റ് മെഷീനുകളും രണ്ട് ഇവിഎമ്മും മാറ്റി സ്ഥാപിച്ചാണ് പോളിങ് പുനരാരംഭിച്ചത്. ഉജ്ജയ്‌നില്‍ രണ്ട് ഇവിഎമ്മുകള്‍ക്കാണു തകരാറുണ്ടായത്. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 2907 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അഞ്ച് കോടിയലധികം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് തിരഞ്ഞെടുപ്പിനു മുമ്പ് നടന്ന മിക്ക സര്‍വേകളും അഭിപ്രായപ്പെട്ടത്.

Next Story

RELATED STORIES

Share it