India

മനസ് തുറക്കാതെ രാഹുല്‍; വയനാടിനായി കാത്തിരിപ്പ് തുടരുന്നു

വയനാടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മനസ് തുറക്കാത്തതാണ് തീരുമാനം നീണ്ടുപോവാനുളള കാരണം. കെ മുരളീധരന്‍ പ്രചാരണരംഗത്ത് സജീവമാണെങ്കിലും വടകരയില്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ 18ാം പട്ടികയിലും വയനാടിനെയും വടകരയെയും കുറിച്ച് പരാമര്‍ശമില്ല. ഇതുവരെ 313 സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.

മനസ് തുറക്കാതെ രാഹുല്‍; വയനാടിനായി കാത്തിരിപ്പ് തുടരുന്നു
X

ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം മൂന്നാംദിവസത്തിലേക്ക് കടന്നിട്ടും വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വയനാടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മനസ് തുറക്കാത്തതാണ് തീരുമാനം നീണ്ടുപോവാനുളള കാരണം. കെ മുരളീധരന്‍ പ്രചാരണരംഗത്ത് സജീവമാണെങ്കിലും വടകരയില്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ 18ാം പട്ടികയിലും വയനാടിനെയും വടകരയെയും കുറിച്ച് പരാമര്‍ശമില്ല. ഇതുവരെ 313 സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. താന്‍ ദക്ഷിണേന്ത്യയില്‍നിന്ന് മല്‍സരിക്കണമെന്ന ആവശ്യം ന്യായമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

തെക്കേ ഇന്ത്യയില്‍ ബിജെപി ധ്രൂവീകരണത്തിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുയരുന്നതെന്നും രാഹുല്‍ ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുന്നതായി ദക്ഷിണേന്ത്യക്കാര്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ താന്‍ അവിടെ മല്‍സരിക്കണെന്ന ആവശ്യം ന്യായമാണ്. എന്നാല്‍, തീരുമാനമെടുത്തിട്ടില്ല. അമേത്തിയല്‍ മല്‍സരിക്കുമെന്നും യുപിയില്‍നിന്നുള്ള ലോക്‌സഭാംമാവുമെന്നതില്‍ സംശയമില്ലെന്നും രാഹുല്‍ വ്യക്തമാക്കി. അനൗപചാരിക ചര്‍ച്ചകളിലാവും രാഹുലിന്റെ തെക്കേ ഇന്ത്യയിലെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കുകയെന്നാണ് സൂചന. വയനാടിനൊപ്പം കര്‍ണാടകയിലെ ബിദാറും പരിഗണിക്കുന്നതായി ഹൈക്കമാന്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കാനെത്തുമെന്ന തരത്തില്‍ പ്രഖ്യാപനം നടത്തിയ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. രാഹുല്‍ മല്‍സരിച്ചാല്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഇനി രാഹുല്‍ വയനാട്ടിലെത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടിവന്നേക്കാമെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ ഭയപ്പെടുന്നു. അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെതിരേ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍തന്നെ ശക്തമായ എതിര്‍പ്പ് അറിയിച്ചതായാണ് വിവരം.

Next Story

RELATED STORIES

Share it