India

കുവൈത്തിലെ ഇന്ത്യന്‍ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ എംബസി നടപടി; കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ.ജോസ് എബ്രഹാം മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് നവീന്‍ ചൗള നാലാഴ്ചയ്ക്കകം വിശദീകരണമാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിനു നോട്ടീസ് അയച്ചത്.

കുവൈത്തിലെ ഇന്ത്യന്‍ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ എംബസി നടപടി; കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ എംബസി നടപടിക്കെതിരേ സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ.ജോസ് എബ്രഹാം മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് നവീന്‍ ചൗള നാലാഴ്ചയ്ക്കകം വിശദീകരണമാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിനു നോട്ടീസ് അയച്ചത്. കഴിഞ്ഞ വര്‍ഷംവരെ ഇന്ത്യന്‍ എംബസിയുടെ അംഗീകാരത്തോടെ 250ലേറെ സംഘടനകള്‍ കുവൈത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോഷകഘടകങ്ങള്‍ മുതല്‍ പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനകള്‍വരെ ഉണ്ടായിരുന്നു. എന്നാല്‍, സംഘടനകളുടെ രജിസ്‌ട്രേഷന് എംബസി പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയതോടെ ജില്ലാ അസോസിയേഷനുകളുടെ ഉള്‍പ്പടെ അംഗീകാരം നഷ്ടമായി.

കുറഞ്ഞത് 500 അംഗങ്ങളുണ്ടായിരിക്കണമെന്നും അംഗങ്ങളുടെ പട്ടിക ഹാജരാക്കണമെന്നുമായിരുന്നു എംബസി മുന്നോട്ടുവച്ച പ്രധാന നിബന്ധന. സജീവമായി പ്രവര്‍ത്തിക്കുന്ന പല മുഖ്യധാരാസംഘടനകള്‍ക്കും അംഗീകാരം നഷ്ടപ്പെട്ടതും കടലാസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ എംബസി പട്ടികയില്‍ ഇടംപിടിച്ചതും ചൂണ്ടിക്കാട്ടി പ്രവാസി സംഘടനകള്‍ രാഷ്ട്രപതിക്കും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതെത്തുടര്‍ന്നു സാമൂഹ്യപ്രവര്‍ത്തകനും ഒഎന്‍സിപി ഭാരവാഹിയുമായ ബാബു ഫ്രാന്‍സിസ് പ്രവാസി ലീഗല്‍ സെല്‍ മുഖേന ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിദേശകാര്യമന്ത്രാലയത്തിന് നോട്ടീസ് അയച്ചത്. കേസ് ഡിസംബര്‍ അഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it