India

ഏഴ് വര്‍ഷം മുമ്പത്തെ പ്രൊഫൈല്‍ പിക്ചറിന്റെ പേരില്‍ കശ്മീരി വിദ്യാര്‍ഥിക്കെതിരേ കേസ്

2012ലാണ് 12 വയസുകാരനായിരുന്ന ആഖിബ് റസൂല്‍ ഫേസ്ബുക്കില്‍ പാകിസ്താന്‍ പതാക പ്രൊഫൈല്‍ ചിത്രമാക്കിയത്. ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം, പുല്‍വാമ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 17നാണ് ആഖിബിനെ പോലിസ് അറസ്റ്റ് ചെയ്തത്.

ഏഴ് വര്‍ഷം മുമ്പത്തെ പ്രൊഫൈല്‍ പിക്ചറിന്റെ പേരില്‍ കശ്മീരി വിദ്യാര്‍ഥിക്കെതിരേ കേസ്
X

ഷിംല: ഏഴ് വര്‍ഷത്തിന് മുമ്പ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോയുടെ പേരില്‍ കശ്മീരി വിദ്യാര്‍ഥിക്കെതിരെ കേസ്. ഹിമാചല്‍ പ്രദേശ് പൊലിസാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2012ലാണ് 12 വയസുകാരനായിരുന്ന ആഖിബ് റസൂല്‍ ഫേസ്ബുക്കില്‍ പാകിസ്താന്‍ പതാക പ്രൊഫൈല്‍ ചിത്രമാക്കിയത്. ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം, പുല്‍വാമ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 17നാണ് ആഖിബിനെ പോലിസ് അറസ്റ്റ് ചെയ്തത്. ഐപിസിയിലെ 153ാം വകുപ്പ് പ്രകാരം കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടുകൂടി പ്രകോപനം സൃഷ്ടിച്ചെന്നാണ് കേസ്. വൈഎസ് യൂനിവേഴ്‌സിറ്റി അധികൃതരാണ് വിദ്യാര്‍ഥിക്കെതിരേ പരാതി നല്‍കിയത്.

കുടുംബം ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇത് തടയാനുള്ള നീക്കത്തിലാണ് സംഘപരിവാര അനുകൂലികളായ പ്രദേശത്തെ അഭിഭാഷകര്‍. ആഖിബിന് വേണ്ടി വാദിക്കുന്നതിന് അഭിഭാഷരെ ലഭിക്കുന്നത് തടയുകയാണ് ഇവര്‍. പൊലിസും സര്‍വ്വകലാശാല അധികൃതരും അഭിഭാഷകരുടെ ബഹിഷ്‌കരണം സ്ഥിരീകരിച്ചു. ഫെബ്രുവരി 17ന് ജയിലിലടക്കപ്പെട്ട ആഖിബ് പത്തുദിവസങ്ങള്‍ക്കുശേഷം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഷിംല ഹൈക്കോടതി തടഞ്ഞ് കീഴ്‌ക്കോടതിയുടെ പരിഗണയ്ക്ക് വിട്ടിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ജില്ലാകോടതി ജാമ്യം അനുവദിച്ചെങ്കിലും ആഖിബിന്റെ ദുരിതം അവിടെയും അവസാനിച്ചില്ല. ഇപ്പോള്‍ വിചാരണ കാത്തിരിക്കുകയാണ് ഈ കശ്മീരി വിദ്യാര്‍ത്ഥി.

അക്വിബ് മാത്രമല്ല, ഇതേ സര്‍വ്വകലാശാലയിലെ എംഎസ്‌സി വിദ്യാര്‍ത്ഥിയായ പീര്‍ സദാ ഫയാസും 2011ലും 2014ലും ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ സമാന ശിക്ഷ അനുഭവിക്കുകയാണ്.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ സംഘ്പരിവാര്‍ അനുകൂലികള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ടതിനു പിന്നാലെയായിരുന്നു ഇരുവരുടെയും അറസ്റ്റെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അവനൊരു ചെറിയ കുട്ടിയായിരുന്നപ്പോള്‍ ചെയ്ത കാര്യം മുന്‍നിര്‍ത്തി എങ്ങനെയാണ് രാജ്യദ്രോഹിയെന്ന് വിളിക്കുകയെന്ന് ആഖിബിന്റെ സഹോദരന്‍ മുദസ്സിര്‍ ചോദിക്കുന്നു. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കൊളജില്‍ നടത്തിയ പരിപാടികളില്‍ പങ്കെടുത്തവനാണ് അവന്‍. എങ്ങനെയാണ് അവനെ ഇത്രപെട്ടന്ന് രാജ്യദ്രോഹിയാക്കി മുദ്രകുത്താന്‍ സാധിക്കുകയെന്നും മുദസ്സിര്‍ ചോദിക്കുന്നു.

ഏത് രാജ്യത്തിന്റെ പതാകയും ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടായാക്കുന്നത് കുറ്റകരമല്ലെന്നിരിക്കെയാണ് ആഖിബിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് അഭിഭാഷകനായ ചൗധരി അലി അക്ബര്‍ വ്യക്തമാക്കി. അപക്വമായ പ്രായത്തിലാണ് ഫയാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ യൂനിവേഴ്‌സിറ്റിയിലെ സംഘപരിവാര അനുകൂല വിദ്യാര്‍ഥികള്‍ കശ്മീരി വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയായിരുന്നെന്ന് കൊളജിലെ ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു. കശ്മീരി വിദ്യാര്‍ഥികളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ചികഞ്ഞ് പരിശോധിച്ച് ഇവര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it