India

വ്യാജ ട്വീറ്റിന്റെ പേരിൽ യുപിയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയക്ക് ജാമ്യം

അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചാണ് കനോജിയക്ക് ബുധനാഴ്ച ജാമ്യം അനുവദിച്ചത്.

വ്യാജ ട്വീറ്റിന്റെ പേരിൽ യുപിയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയക്ക് ജാമ്യം
X

ലഖ്നോ: വ്യാജ ട്വീറ്റിന്റെ പേരിൽ യുപി പോലിസ് അറസ്റ്റ് ചെയ്ത് തടവിലിട്ട സ്വതന്ത്ര മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയ്ക്ക് രണ്ട് മാസത്തിനു ശേഷം ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചാണ് കനോജിയക്ക് ബുധനാഴ്ച ജാമ്യം അനുവദിച്ചത്. ആ​ഗസ്ത് 18 നാണ് കനോജിയയെ ഹസാരത്ഗഞ്ച് പോലിസ് അറസ്റ്റ് ചെയ്തത്.

കനോജിയയ്ക്ക് ലഖ്‌നോവിലെ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സെപ്തംബർ 8 ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സെപ്തംബർ 21 ന് ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഉൾപ്പെടുന്ന സിംഗിൾ ബെഞ്ചിന് മുന്നിൽ കേസ് പരിഗണിച്ചപ്പോൾ ജഡ്ജി കേസ് നാലാഴ്ച്ച കഴിഞ്ഞു പരി​ഗണിക്കാമെന്ന് പറയുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം 501, 505 (1) (ബി), 500 വകുപ്പുകൾ പ്രകാരമാണ് കനോജിയയ്‌ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ രാഷ്ട്രപതി, പ്രധാനമന്ത്രി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രങ്ങൾ കനോജിയ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു.

ദലിത് സമുദായത്തെ പരാമർശിച്ച് കനോജിയ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ജാതി-മത സംഘർഷങ്ങൾക്ക് പ്രേരണ നൽകുന്നതിനാണ് അദ്ദേഹം ഇക്കാര്യം ചെയ്തത്. കനോജിയയ്ക്ക് ക്രിമിനൽ ബന്ധമുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. 'ഹിന്ദു ആർമി' ​​മേധാവി സുശീൽ തിവാരി എന്ന ഹിന്ദുത്വ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ആസ്പദമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. യുപി‌എസ്‌സി ഇസ്ലാമിക പഠനം നീക്കം ചെയ്ത് വേദപഠനം ആരംഭിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടണമെന്നായിരുന്നു പോസ്റ്റ്.

അജ്ഞാതരായ ആളുകൾ ഈ പോസ്റ്റ് മോർഫ് ചെയ്ത് മറ്റൊരു സന്ദേശവുമായി പ്രചരിപ്പിക്കാൻ തുടങ്ങി. ശൂദ്രരേയും, ഒബിസിക്കാരേയും, എസ്‌സിക്കാരേയും രാമ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കരുതെന്ന വ്യാജ ട്വീറ്റ് കനോജിയ ട്വീറ്റ് ചെയ്തുവെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്ത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിച്ചുവെന്ന് യുപി പോലിസ് ആരോപിച്ച് കനോജിയയെ കഴിഞ്ഞ വർഷവും അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it