India

ജെഎന്‍യു അക്രമം: വിസി ജഗദേഷ് കുമാറിനെ പുറത്താക്കണം; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി പ്രതിപക്ഷ എംപിമാര്‍

കാംപസിലുണ്ടായ കലാപസമാനാമയ സാഹചര്യത്തിനെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതികരണമുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ മൂക്കിനുകീഴില്‍ നടന്ന ആക്രമണത്തിനെതിരേ ശക്തമായ നടപടിയുണ്ടാവണം.

ജെഎന്‍യു അക്രമം: വിസി ജഗദേഷ് കുമാറിനെ പുറത്താക്കണം; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി പ്രതിപക്ഷ എംപിമാര്‍
X

ന്യൂഡല്‍ഹി: ജെഎന്‍യു വൈസ് ചാന്‍സിലര്‍ എം ജഗദേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലെ പ്രതിപക്ഷ എംപിമാര്‍ കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി രമേശ് പൊക്രിയാലിന് നിവേദനം നല്‍കി. ജനുവരി അഞ്ചിന് സര്‍വകലാശാലയിലുണ്ടായ ഹീനമായ ആക്രമണം തടയുന്നതിന് ജഗദേഷ് കുമാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അധ്യാപകരും വിദ്യാര്‍ഥികളും ആക്രമിക്കപ്പെട്ടിട്ടും തടയാത്ത സര്‍വകലാശാല അധികൃതരുടെ സമീപനം സംശയം ജനിപ്പിക്കുന്നതാണ്. ആക്രമണത്തിനിരയായവരോട് സഹാനുഭൂതിയില്ലാത്ത നടപടിയാണ് സ്വീകരിച്ചത്. ഉത്തരവാദിത്തം നിറവേറ്റാനാവാത്ത വിസി പദവിയില്‍ തുടരുന്നത് നീതീകരിക്കാനാവാത്തതും രാജ്യത്തിന് അപമാനവുമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ സുപ്രധാന സര്‍വകലാശാലയിലുണ്ടായ അതിക്രമം രാജ്യത്തിനും പാര്‍ലമെന്റിനും കളങ്കമാണ്. കാംപസിലുണ്ടായ കലാപസമാനാമയ സാഹചര്യത്തിനെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതികരണമുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ മൂക്കിനുകീഴില്‍ നടന്ന ആക്രമണത്തിനെതിരേ ശക്തമായ നടപടിയുണ്ടാവണം. രാജ്യത്തിന്റെ അന്താരാഷ്ട്രതലത്തിലുള്ള പ്രതിച്ഛായ, ജനാധിപത്യ മൂല്യങ്ങള്‍, ഉന്നത വിദ്യാഭ്യാസ സംവിധാനം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം അക്രമികള്‍ക്കെതിരായ നടപടിയിലൂടെ നല്‍കാനാവണം. വിസിയായിരുന്ന നാലുവര്‍ഷവും ചട്ടലംഘനങ്ങളും പെരുമാറ്റ ദൂഷ്യവുംകൊണ്ട് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ വ്യക്തിയാണ് ജഗദേഷ് കുമാര്‍. മുമ്പ് മന്ത്രിയായിരുന്ന ജാവദേക്കറോടും പാര്‍ലമെന്റ് അംഗങ്ങള്‍ വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഫീസ് വര്‍ധിപ്പിക്കാനുള്ള പ്രഖ്യാപനം മുതലുള്ള സാഹചര്യം കൈകകാര്യം ചെയ്യുന്നതില്‍ വിസിക്ക് വീഴ്ചയുണ്ടായി. പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രാലയത്തിന് നേരിട്ട് ഇടപെടേണ്ടിയും വന്നു. അടിയന്തരമായി വിസിയെ പുറത്താക്കാന്‍ തയ്യാറാവണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. എംപിമാരായ കെ കെ രഗേഷ്, ബിനോയ് വിശ്വം എന്നിവരാണ് രമേശ് പൊക്രിയാലിന് നിവേദനം കൈമാറിയത്. എംപിമാരായ ജയറാം രമേശ്, അഹമ്മദ് പട്ടേല്‍, എളമരം കരിം, ടി കെ രംഗരാജന്‍, കെ കെ രാഗേഷ്, കെ.സോമപ്രസാദ്, ഝര്‍ണ ദാസ്, ബിനോയ് വിശ്വം, വൈകോ, ജോസ് കെ മാണി തുടങ്ങിയവര്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it