India

ജെഎന്‍യു ആക്രമണം: ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തു

യൂനിവേഴ്‌സിറ്റി കാംപസില്‍ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്തത്. ജെഎന്‍യു ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പടെ ഒമ്പതുപേര്‍ക്കെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു.

ജെഎന്‍യു ആക്രമണം: ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തു
X

ന്യൂഡല്‍ഹി: ജെഎന്‍യു കാംപസില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന മുഖംമൂടി ആക്രമണത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റുമായ ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. യൂനിവേഴ്‌സിറ്റി കാംപസില്‍ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്തത്. ജെഎന്‍യു ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പടെ ഒമ്പതുപേര്‍ക്കെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു. കാംപസിലെ യൂനിയന്‍ ഓഫിസില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. ഐഷിക്ക് പുറമേ പോലിസിന്റെ ആദ്യഘട്ട പ്രതിപ്പട്ടികയിലുള്ള മറ്റ് എട്ടുപേരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നുണ്ട്.

നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാവണമെന്ന് കാണിച്ച് ഒമ്പതുപേര്‍ക്കും പോലിസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് തീരുമാനം മാറ്റി ക്രൈംബ്രാഞ്ച് കാംപസില്‍ നേരിട്ടെത്തി ചോദ്യംചെയ്യുകയായിരുന്നു. അഞ്ചുപേര്‍ അടങ്ങുന്ന സംഘമാണ് കാംസിലെത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രൈംബ്രാഞ്ച് സംഘം കാംപസിലുണ്ട്. 13 സെക്യൂരിറ്റി ജീവനക്കാരുടെയും ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെയും മൊഴി കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കേസില്‍ സാക്ഷികളായ നാല് അധ്യാപകരുടെ മൊഴിയും സംഘം രേഖപ്പെടുത്തി.

പോലിസിന്റെ ആദ്യ പ്രതിപ്പട്ടികയിലുള്ള ഒമ്പതുപേരില്‍ ഐഷി ഘോഷ് ഉള്‍പ്പടെയുള്ള അഞ്ചുപേര്‍ ഇടത് സംഘടനാ പ്രവര്‍ത്തകരായിരുന്നു. രണ്ടുപേര്‍ എബിവിപി പ്രവര്‍ത്തകരും മറ്റ് രണ്ടുപേര്‍ കാംപസിന് പുറത്തുനിന്നുള്ളവരുമായിരുന്നു. അതേസമയം, കേസില്‍ ഇതുവരെ 49 പേര്‍ക്ക് അന്വേഷണസംഘം നോട്ടീസ് അയച്ചിട്ടുണ്ട്. ചോദ്യംചെയ്യല്‍ കണക്കിലെടുത്ത് കാംപസിനുള്ളിലും ചുറ്റും പോലിസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it