India

ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യയും രാജിവച്ചു

സ്ബിഐയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് രാജിതീരുമാനമെന്നാണു റിപോര്‍ട്ട്.

ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യയും രാജിവച്ചു
X

മുംബൈ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സ് വിമാനക്കമ്പനിയുടെ ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു രാജിവച്ചു. സാമ്പത്തിക പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരം എന്ന നിലയിലാണ് ഇരുവരുടെയും രാജിയെന്നാണു സൂചു. ഇരുവരുടെയും ഓഹരികള്‍ വിട്ടുനല്‍കുന്നതിലൂടെ 1500 കോടിയോളം രൂപ കമ്പനിക്കു ലഭിക്കുമെന്നാണു പറയപ്പെടുന്നത്. എസ്ബിഐയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് രാജിതീരുമാനമെന്നാണു റിപോര്‍ട്ട്. 1993ലാണ് നരേഷ് ഗോയലും ഭാര്യയും ചേര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാനക്കമ്പനി തുടങ്ങിയത്. ഇരുവരും രാജിവയ്ക്കുന്നതോടെ 33 ലക്ഷത്തിലധികം ഓഹരികളാവും വില്‍പനയ്‌ക്കെത്തുക. നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് കമ്പനിക്കുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരുടെ ശമ്പളവും കടപ്പത്ര ഉടമകള്‍ക്കുള്ള പലിശയും നേരത്തേ മുടങ്ങിയത് വാര്‍ത്തയായിരുന്നു.

അബൂദബിയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് നാമനിര്‍ദേശം ചെയ്ത അംഗവും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു രാജിവച്ചിട്ടുണ്ട്. ഇത്തിഹാദ് എയര്‍വേയ്‌സിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ജെറ്റ് എയര്‍വേയ്‌സ്. 119 വിമാനങ്ങളാണ് ജെറ്റ് എയര്‍വേസിന്റെ ഉടമസ്ഥതയിലുള്ളത്. ഇതില്‍ 54 വിമാനങ്ങളുടെയും സര്‍വീസ് മുടങ്ങിയിരുന്നു. അറ്റകുറ്റപ്പണികളുടെ പേരില്‍ 24 വിമാനങ്ങള്‍ നേരത്തേ തന്നെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.




Next Story

RELATED STORIES

Share it