India

അമിത് ഷാ സ്ഥാനമൊഴിയുന്നു; ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനാവും

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയും അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെയാണ് ജോലിഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള ബിജെപി നേതാവ് ജെ പി നദ്ദയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്.

അമിത് ഷാ സ്ഥാനമൊഴിയുന്നു; ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനാവും
X

ന്യൂഡല്‍ഹി: ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദ പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നു. നിലവില്‍ അമിത് ഷായാണ് ആഭ്യന്തരമന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നത്. ജനുവരി 22ന് ബിജെപി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാവും ജെ പി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയും അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെയാണ് ജോലിഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള ബിജെപി നേതാവ് ജെ പി നദ്ദയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്. ജെ പി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍ മോദിയുടെ വിശ്വസ്തനായ ഭൂപീന്ദര്‍ യാദവ് ബിജെപിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആവുമെന്നാണ് സൂചന.

പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിയുടെ വിവിധ ദേശീയ സമിതികളും പുനസ്സംഘടിപ്പിക്കും. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പാണ് നദ്ദയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണിലാണ് നദ്ദയെ ബിജെപി വര്‍ക്കിങ് പ്രസിഡന്റാക്കിയത്. അമിത് ഷായുടെ അധ്യക്ഷനെന്ന നിലയിലുള്ള അവസാന നാളുകളില്‍ ബിജെപി നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തോറ്റിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ തോല്‍ക്കുകയും ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞമാസം ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്.

Next Story

RELATED STORIES

Share it