Latest News

ശബരിമല യുവതി പ്രവേശനം: സീനിയര്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്

ശബരിമല യുവതി പ്രവേശനം: സീനിയര്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്
X

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രിംകോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി ഹാജറായി. മുന്‍പ് ദേവസ്വം ബോര്‍ഡിന് വേണ്ടി വാദിച്ച സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് സിങ്‌വിയെ കേസില്‍ ഹാജറാകാന്‍ ബോര്‍ഡ് ചുമതലപ്പെടുത്തിയത്.

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹരജിയില്‍ സുപ്രിംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേട്ടത് 2019 ഫെബ്രുവരി ആറിനായിരുന്നു. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജറായിരുന്ന രാകേഷ് ദ്വിവേദി, യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനാവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയെന്ന റിപോര്‍ട്ടുകള്‍ക്കിടയിലാണ് അഭിഷേക് മനു സിങ്‌വി വീണ്ടും കേസില്‍ ഹാജറായത്. 2019 ഫെബ്രുവരി ആറിന് സുപ്രിംകോടതിയില്‍ നടന്ന വാദത്തിനിടെ യുവതി പ്രവേശനത്തെ എതിര്‍ത്ത നിലപാടാണ് സിങ്‌വി എടുത്തത്. അന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജറായിരുന്ന അദ്ദേഹം, അതിന് മുന്‍പ് ബോര്‍ഡിന് വേണ്ടിയും കേസില്‍ വാദിച്ചിരുന്നു.

ഒന്‍പതംഗ ഭരണഘടന ബെഞ്ചിന് മുന്നില്‍ എഴുത്തുപരമായ വാദം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിങ്‌വി ഇന്ന് കോടതിയില്‍ ഹാജറായത്. അദ്ദേഹത്തോടൊപ്പം ബോര്‍ഡിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ പി എസ് സുധീറും കോടതിയില്‍ ഹാജറായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചു. എല്ലാ കക്ഷികള്‍ക്കും എഴുത്തുപരമായ വാദം സമര്‍പ്പിക്കാന്‍ അടുത്ത തിങ്കളാഴ്ച വരെ സമയം അനുവദിച്ചതായി സുപ്രിംകോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it