ആള്‍ക്കൂട്ട കൊലപാതക വിരുദ്ധ യോഗത്തിന് അനുമതി തടഞ്ഞു

ആള്‍ക്കൂട്ട കൊലപാതക വിരുദ്ധ യോഗത്തിന് അനുമതി തടഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ സംഘടിപ്പിച്ച യോഗത്തിന് അവസാന നിമിഷം അനുമതി നിഷേധിച്ച് അധികൃതര്‍. ഇന്ത്യാ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിലാണ് വ്യാഴാഴ്ച വൈകീട്ട് 5.30നു യോഗം സംഘടിപ്പിച്ചിരുന്നത്. മുന്‍കൂട്ടി അധികൃതരെ അറിയിച്ചിരുന്നെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നെന്നു പരിപാടിയുടെ സംഘാടകരായ തന്‍സീം ഉലമാ എ ഇസ്‌ലാം ജനറല്‍ സെക്രട്ടറി മൗലാനാ ശഹാബുദ്ദീന്‍ റസ്‌വി പറഞ്ഞു.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. അവസാന നിമിഷമാണ് സെന്ററില്‍ നിന്നും പരിപാടി നടത്തരുതെന്നു ആവശ്യപ്പെട്ടത്. കാരണം അന്വേഷിച്ചപ്പോള്‍ പരിപാടിക്കു വേദി നല്‍കരുതെന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഫോണിലൂടെയാണോ ഔദ്യോഗിക കത്തിലൂടെയാണോ സര്‍ക്കാര്‍ ഉത്തരവു നല്‍കിയതെന്നുപോലും സെന്റര്‍ അധികൃതര്‍ വ്യക്തമാക്കിയില്ല. ഇത് തികച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണ്. ഭരണഘടനാപരമായ അവകാശമാണ് ഇതിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും ശഹാബുദ്ദീന്‍ റസ്‌വി പറഞ്ഞു.

ഒരു വശത്തു ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു സമ്മതം നല്‍കുന്ന സര്‍ക്കാര്‍ മറുവശത്ത് പ്രതിഷേധ പരിപാടികള്‍ തടയുകയും ചെയ്യുകയാണെന്നും റസ്‌വി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top