India

മധ്യപ്രദേശ് മന്ത്രിസഭ വിപുലീകരിച്ചു; സ്വാധീനമുറപ്പിച്ച് ജ്യോതിരാദിത്യ സിന്ധ്യ

സംസ്ഥാനത്തെ പല മുതിര്‍ന്ന ബിജെപി നേതാക്കളെയും തഴഞ്ഞാണ് സിന്ധ്യ ക്യാംപിലുള്ളവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയത്. പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചവരെപ്പോലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍, ബിജെപി നേതാക്കള്‍ അതൃപ്തിയിലാണ്.

മധ്യപ്രദേശ് മന്ത്രിസഭ വിപുലീകരിച്ചു; സ്വാധീനമുറപ്പിച്ച് ജ്യോതിരാദിത്യ സിന്ധ്യ
X

ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരെ ഉള്‍പ്പെടുത്തി മധ്യപ്രദേശില്‍ മന്ത്രിസഭ വികസിപ്പിച്ചു. പുതുതായി സത്യപ്രതിജ്ഞ ചെയ്ത 28 മന്ത്രിമാരില്‍ 12 പേരും സിന്ധ്യയുടെ അടുപ്പക്കാരാണ്. ഇതോടെ മധ്യപ്രദേശ് സര്‍ക്കാരില്‍ ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമായ സ്വാധീനമുറപ്പിച്ചിരിക്കുകയാണ്. സിന്ധ്യയുടെ അമ്മായി യശോധര രാജ സിന്ധ്യയും മന്ത്രിസഭയില്‍ ഇടംപിടിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. സംസ്ഥാനത്തെ പല മുതിര്‍ന്ന ബിജെപി നേതാക്കളെയും തഴഞ്ഞാണ് സിന്ധ്യ ക്യാംപിലുള്ളവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയത്.

പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചവരെപ്പോലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍, ബിജെപി നേതാക്കള്‍ അതൃപ്തിയിലാണ്. ഗോപാല്‍ ഭാര്‍ഗവിനെപ്പോലുള്ളവര്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുമുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് മൂന്നുമാസത്തിന് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. കൊവിഡ് പ്രതിസന്ധി വേളയിലും അഞ്ച് മന്ത്രിമാരുമായിട്ടാണ് മധ്യപ്രദേശിലെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. മാര്‍ച്ചിലാണ് മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍നിന്ന് രാജിവയ്ക്കുന്നത്.

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാരെയും ഞാന്‍ അഭിനന്ദിക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ വികസനത്തിനും പൊതുക്ഷേമത്തിനുമുള്ള പൊതുലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കും. നിങ്ങളുടെ പൂര്‍ണസഹകരണം എനിക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 വിമതര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരം നഷ്ടമായത്.

Next Story

RELATED STORIES

Share it