Latest News

വെനസ്വേലയുടെ സൂപ്പര്‍ ടാങ്കറുകള്‍ ഇന്ത്യയിലേക്ക്; എണ്ണവ്യാപാരത്തില്‍ പുതിയ ഘട്ടം

വെനസ്വേലയുടെ സൂപ്പര്‍ ടാങ്കറുകള്‍ ഇന്ത്യയിലേക്ക്; എണ്ണവ്യാപാരത്തില്‍ പുതിയ ഘട്ടം
X

ന്യൂഡല്‍ഹി: യുഎസ്-വെനസ്വേല വിതരണ കരാറിനെ തുടര്‍ന്നു ഇന്ത്യയിലേക്ക് വെനസ്വേലന്‍ ക്രൂഡ് ഓയില്‍ കയറ്റുമതി വീണ്ടും സജീവമാകുന്നു. രണ്ടു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ വഹിക്കാന്‍ ശേഷിയുള്ള ഭീമന്‍ സൂപ്പര്‍ ടാങ്കറുകളാണ് വെനസ്വേലയില്‍ നിന്ന് ഇന്ത്യന്‍ തീരങ്ങളിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കരാറിന് പിന്നാലെ ഇന്ത്യയുമായുള്ള എണ്ണവ്യാപാരവും പുതുജീവിതം നേടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

മുന്‍പുണ്ടായിരുന്നതിനെക്കാള്‍ കൂടുതലായ അളവിലാണ് ഇത്തവണ ഇന്ത്യ വെനസ്വേലന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇടത്തരം വലിപ്പമുള്ള കപ്പലുകള്‍ക്ക് പകരം വിഎല്‍സിസി കപ്പലുകളിലാണ് ചരക്ക് എത്തുന്നത്. ഇതുവഴി ചരക്കുചെലവ് കുറയ്ക്കാനും വിതരണ വേഗം വര്‍ധിപ്പിക്കാനും സാധിക്കും. യുഎസ്-വെനസ്വേല കരാറിന്റെ ഭാഗമായി വെനസ്വേലയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ചില കയറ്റുമതി നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെട്ടതോടെയാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് വലിയ ടാങ്കറുകള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സാധിച്ചത്. ഇതോടെ ആഗോള വിപണിയിലേക്കുള്ള വെനസ്വേലയുടെ എണ്ണവിതരണത്തിന് കൂടുതല്‍ സാധ്യതകള്‍ തുറക്കപ്പെട്ടു.

കരാറിനുശേഷം ട്രേഡിംഗ് ഹൗസുകളും വാങ്ങുന്നവരും ആഗോള വിതരണത്തിലെ ഭീമന്‍കപ്പലുകളായ വിഎല്‍സിസി ബുക്ക് ചെയ്തതായാണ് റിപോര്‍ട്ട്. ഇത് ഇന്ത്യയിലേക്കുള്ള കയറ്റുമതി ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. വിഎല്‍സിസി കപ്പലുകളുടെ വരവ് വെനസ്വേലന്‍ എണ്ണ കയറ്റുമതിയുടെ ശക്തമായ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. സൂയസ്മാക്‌സ് ടാങ്കറുകളേക്കാള്‍ ഇരട്ടിയും അഫ്രാമാക്‌സ് കപ്പലുകളേക്കാള്‍ നാലിരട്ടിയും ശേഷിയുള്ള ഇവ, വന്‍തോതിലുള്ള ചരക്ക് നീക്കത്തിന് അനുയോജ്യമാണ്.

2019ല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെ വെനസ്വേലന്‍ എണ്ണയുടെ പ്രധാന ആവശ്യക്കാരില്‍ മൂന്നാമത്തെ സ്ഥാനത്തായിരുന്നു ഇന്ത്യ. ഉപരോധങ്ങള്‍ മൂലം വിതരണം നിലച്ചെങ്കിലും, ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ വ്യാപാരബന്ധം പഴയ നിലയിലേക്ക് മടങ്ങുകയാണ്.

2023 ഡിസംബറിനുശേഷം യുഎസ് എണ്ണഭീമനായ ഷെവ്‌റോണ്‍ അടുത്തിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വെനസ്വേലന്‍ ക്രൂഡ് ഓയില്‍ വിറ്റിരുന്നു. ബോസ്‌കാന്‍ ഹെവി ക്രൂഡിന്റെ ഏകദേശം ആറു വര്‍ഷത്തിനിടയിലെ ആദ്യ വില്‍പ്പനയാണിത്. കൂടാതെ അന്താരാഷ്ട്ര ട്രേഡിംഗ് കമ്പനിയായ വിറ്റോളില്‍ നിന്ന് രണ്ടു ദശലക്ഷം ബാരല്‍ എണ്ണയും റിലയന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം വെനസ്വേലന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പിഡിവിഎസ്എയില്‍ നിന്ന് നേരിട്ടുള്ള വാങ്ങലിനും റിലയന്‍സ് ശ്രമിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it