India

ബിഹാറില്‍ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ വഖഫ് നിയമം ചവറ്റുകുട്ടയിലെറിയും: തേജസ്വി യാദവ്

ബിഹാറില്‍ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ വഖഫ് നിയമം ചവറ്റുകുട്ടയിലെറിയും: തേജസ്വി യാദവ്
X

പട്‌ന: ബിഹാറില്‍ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ വഖഫ് നിയമം ചവറ്റുകുട്ടയിലെറിയുമെന്ന് ആര്‍ജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. കതിഹാര്‍, കിഷന്‍ഗഞ്ച്, അരാരിയ ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.തന്റെ പിതാവ് ലാലു പ്രസാദ് യാദവ് ഒരിക്കലും രാജ്യത്തെ വര്‍ഗീയ ശക്തികളുമായി വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ തേജസ്വി, നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എല്ലായ്‌പ്പോഴും അത്തരം ശക്തികളെ പിന്തുണച്ച ആളാണെന്നും കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാര്‍ കാരണമാണ് ആര്‍എസ്എസും അതിന്റെ അനുബന്ധ സംഘടനകളും ബിഹാറിലും രാജ്യത്തും വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത്. ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോറിനെതിരേയും തേജസ്വി വിമര്‍ശനമുന്നയിച്ചു. ചിലര്‍ ബലമായി സ്ഥാനാര്‍ഥികളെ നിര്‍ത്തി വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തുന്നു. അത്തരം സ്ഥാനാര്‍ഥികളെ ശ്രദ്ധിക്കരുത്. ഭരണഘടന, ജനാധിപത്യം, സാഹോദര്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടണാണിത്- പ്രശാന്ത് കിഷോറിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.

20 വര്‍ഷം പഴക്കമുള്ള നിതീഷ് കുമാര്‍ സര്‍ക്കാരിനെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ് അദ്ദേഹം. അത് ഒഴുക്കിനെ തടയുന്നു. ഒഴുക്ക് നിലച്ച് ഇപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നു. എങ്ങനെയെങ്കിലും എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കണം - തേജസ്വി പറഞ്ഞു. മുഖ്യമന്ത്രിക്ക് ബോധമില്ല. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും വ്യാപക അഴിമതിയാണ്. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും തേജസ്വി ആരോപിച്ചു.

പൂര്‍ണിയ, അരാരിയ, കിഷന്‍ ഗഞ്ച്, കതിഹാര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ എന്‍ഡിഎ സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള വികസന പദ്ധതികളും ചെയ്തിട്ടില്ലെന്നും തേജസ്വി പറഞ്ഞു. ഇന്ത്യാ സഖ്യം അധികാരത്തിലേറിയാല്‍ ഈ മേഖലകളില്‍ സമഗ്ര വികസനത്തിനായി വികസന അതോറിറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിതീഷ് കുമാര്‍ 20 വര്‍ഷം മുഖ്യമന്ത്രിയായിരുന്നിട്ടും നരേന്ദ്ര മോദി 11 വര്‍ഷം പ്രധാനമന്ത്രിയായിരുന്നിട്ടും ബിഹാര്‍ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമായി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.






Next Story

RELATED STORIES

Share it