India

'രാത്രിയില്‍ പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്'; കൊല്‍ക്കത്താ കൂട്ടബലാല്‍സംഗത്തില്‍ പ്രതികരിച്ച് മമത ബാനര്‍ജി

രാത്രിയില്‍ പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്; കൊല്‍ക്കത്താ കൂട്ടബലാല്‍സംഗത്തില്‍ പ്രതികരിച്ച് മമത ബാനര്‍ജി
X

കൊല്‍ക്കത്ത: ദുര്‍ഗാപൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കൂട്ടബലാല്‍സംഗത്തില്‍ വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാത്രിയില്‍ പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നാണ് മമത ബാനര്‍ജിയുടെ പ്രതികരണം. പെണ്‍കുട്ടികള്‍ അവരെ സ്വയം സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളിലേക്ക് പുറത്ത് നിന്നും പഠിക്കാന്‍ വന്നവര്‍ ഹോസ്റ്റലുകളിലെ നിയമങ്ങള്‍ പാലിക്കണം. അവര്‍ക്ക് എവിടെ വേണമെങ്കിലും പോകാനുള്ള മൗലികാവകാശമുണ്ടെങ്കിലും, രാത്രി വൈകി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

ഓരോ വ്യക്തിയുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നതില്‍ പോലിസിന് ചില ലോജിസ്റ്റിക് പരിമിതികളുണ്ട്. രാത്രിയില്‍ ആരാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിയില്ല. എല്ലാ വീടുകള്‍ക്കും പുറത്ത് കാവല്‍ നില്‍ക്കാനും കഴിയില്ല' - മമത പറഞ്ഞു. സംഭവത്തെ 'ഞെട്ടിപ്പിക്കുന്ന' എന്ന് വിശേഷിപ്പിച്ച അവര്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 'ആരെയും വെറുതെ വിടില്ല. കുറ്റം ചെയ്തവര്‍ ആരായാലും കര്‍ശനമായി ശിക്ഷിക്കപ്പെടും. മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കും' - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. അവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി. കേസില്‍ തുടരന്വേഷണം നടക്കുകയാണ്. മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ അച്ഛന്റ മൊഴി പ്രകാരം അവള്‍ ഒരു സഹപാഠിയുമായി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകുന്നതിനിടയിലാണ് ബലാല്‍സംഗം നടന്നത്. മുന്ന് പുരുഷന്‍മാര്‍ സ്ഥലത്തെത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും സഹപാഠി അവളെ ഉപേക്ഷിച്ച് ഓടിപ്പോയെന്നും അതിജീവിതയുടെ പിതാവ് പറഞ്ഞു.





Next Story

RELATED STORIES

Share it