India

ഇന്ത്യന്‍ മുസ്ലിംകള്‍ അധപ്പതിച്ച സമൂഹം; വിവാദ പോസ്റ്റ് ഷെയര്‍ ചെയ്തതില്‍ മാപ്പുപറഞ്ഞ് ഫെയ്‌സ്ബുക്ക് ഇന്ത്യ എക്സിക്യൂട്ടീവ്

കമ്പനിയിലെ മുസ്ലിം ജീവനക്കാര്‍ അടക്കമുള്ളവരോടാണ് അങ്കി ദാസ് മാപ്പുപറഞ്ഞതെന്ന് അമേരിക്കന്‍ മാധ്യമമായ ബസഫീഡ് ലേഖകന്‍ പ്രണവ് ദീക്ഷിത് റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ മുസ്ലിംകളെ 'അധപ്പതിച്ച സമൂഹം' എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റാണ് അങ്കി ദാസ് ഷെയര്‍ ചെയ്തത്.

ഇന്ത്യന്‍ മുസ്ലിംകള്‍ അധപ്പതിച്ച സമൂഹം; വിവാദ പോസ്റ്റ് ഷെയര്‍ ചെയ്തതില്‍ മാപ്പുപറഞ്ഞ് ഫെയ്‌സ്ബുക്ക് ഇന്ത്യ എക്സിക്യൂട്ടീവ്
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിംകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ മാപ്പുപറഞ്ഞ് ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി എക്സിക്യൂട്ടീവ് അങ്കി ദാസ്. കമ്പനിയിലെ മുസ്ലിം ജീവനക്കാര്‍ അടക്കമുള്ളവരോടാണ് അങ്കി ദാസ് മാപ്പുപറഞ്ഞതെന്ന് അമേരിക്കന്‍ മാധ്യമമായ ബസഫീഡ് ലേഖകന്‍ പ്രണവ് ദീക്ഷിത് റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ മുസ്ലിംകളെ 'അധപ്പതിച്ച സമൂഹം' എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റാണ് അങ്കി ദാസ് ഷെയര്‍ ചെയ്തത്. 'മതത്തിന്റെ വിശുദ്ധിയും ശരീഅത്ത് നടപ്പാക്കലും അല്ലാതെ മറ്റൊന്നുമില്ല' എന്നും വിവാദപോസ്റ്റിലുണ്ട്. 2019 ല്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിന് മറുപടിയായി ഒരു മുന്‍ പോലിസ് ഉദ്യോഗസ്ഥനാണ് ഈ പോസ്റ്റ് എഴുതിയത്. അതേ പോസ്റ്റ് അങ്കി ദാസ് തന്റെ പേജില്‍ പങ്കുവയ്ക്കുകയായിരുന്നു.

എന്നാല്‍, പോസ്റ്റ് വിവാദമാവുകയും വലിയ വിമര്‍ശനമുയരുകയും ചെയ്തതിനെത്തുടര്‍ന്നാണ് വിശദീകരണവും ഖേദപ്രകടനവുമായി അങ്കി ദാസ് രംഗത്തെത്തിയത്. 'എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ഉദ്ദേശം ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയല്ലായിരുന്നു. മറിച്ച് ഫെമിനിസവും പൗരബോധവുമായി ബന്ധപ്പെട്ട് എന്റെ ആഴത്തിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുക എന്നതായിരുന്നു. എന്നാല്‍, അത്തരമൊരു പോസ്റ്റ് ഏതുരീതിയിലാണ് സ്വീകരിക്കപ്പെട്ടതെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങള്‍കൊണ്ട് ഞാന്‍ മനസ്സിലാക്കി. അത്തരം വിമര്‍ശനങ്ങളെയെല്ലാം വിലമതിച്ചുകൊണ്ടുതന്നെ ആ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്യുകയാണ്. കമ്പനിയിലെ എന്റെ മുസ്ലിം സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ആരെയെങ്കിലും ഇത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു'- സഹപ്രവര്‍ത്തകര്‍ക്കായി എഴുതിയ കുറിപ്പില്‍ അങ്കി ദാസ് വിശദീകരിച്ചതായി ബസ്ഫീഡ് റിപോര്‍ട്ട് ചെയ്തു.

കമ്പനിയിലെ നിരവധി ജീവനക്കാര്‍ അങ്കി ദാസ് ഷെയര്‍ ചെയ്ത വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരേ രംഗത്തെത്തിയിരുന്നു. ഒരു കമ്പനിയെന്ന നിലയില്‍ മുസ്ലിംകള്‍ക്കെതിരായി നടക്കുന്ന വിദ്വേഷപ്രചാരണങ്ങളെക്കുറിച്ചും ഇസ്‌ലാമോഫോബിയയെക്കുറിച്ചുമുള്ള സത്യസന്ധമായ പ്രതിഫലനം നമ്മളിലൂടെ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. ടി രാജാ സിങ്ങിനെപ്പോലുള്ള വ്യക്തികള്‍ മുസ്ലിം സമുദായത്തിനെതിരേ നഗ്‌നമായ വിദ്വേഷപ്രചരണങ്ങള്‍ അഴിച്ചുവിടുമ്പോള്‍, ഇത് അക്രമത്തിന് പ്രേരിപ്പിക്കുന്നതാവുമ്പോള്‍ അവിടെയുള്ള ദുര്‍ബലവിഭാഗത്തെ സംരക്ഷിക്കാന്‍ നമ്മള്‍ കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു എന്നായിരുന്നു ഒരു ജീവനക്കാരന്റെ പോസ്റ്റ്. ചൊവ്വാഴ്ച ചേര്‍ന്ന ഡല്‍ഹി അസംബ്ലിയിലെ പീസ് ആന്റ് ഹാര്‍മണി കമ്മിറ്റി, ഫെയ്‌സ്ബുക്കിന്റെ ഉള്ളടക്കം നിഷ്പക്ഷമല്ലെന്ന് കണ്ടെത്തിയിരുന്നു.

അങ്കി ദാസ് ഉള്‍പ്പെടെയുള്ള ഫെയ്‌സ്ബുക്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി കലാപമുള്‍പ്പെടെ രാജ്യത്ത് നടന്ന വിവിധ അക്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതില്‍ ഫെയ്‌സ്ബുക്കിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് എഎപി എംഎല്‍എ രാഘവ് ചന്ദ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വിദ്വേഷത്തെയും വര്‍ഗീയതയെയും അപലപിക്കുന്ന പക്ഷപാതരഹിതമായ ഒരു പ്ലാറ്റ്ഫോമാണ് ഫെയ്‌സ്ബുക്ക് എന്നായിരുന്നു അവര്‍ നല്‍കിയ വിശദീകരണം.

തുറന്നതും സുതാര്യവും പക്ഷപാതരഹിതുമായ നയങ്ങളാണ് ഫെയ്‌സ്ബുക്ക് തുടരുന്നതെന്നും ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള തീരുമാനം ഏകപക്ഷീയമായി ഒരാളെടുക്കുന്നതെല്ലെന്നും ഗൗരവമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാറുള്ളതെന്നും ഫെയ്‌സ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ പ്രതികരിച്ചു. പക്ഷപാതിത്വം നടന്നെന്ന ആരോപണത്തെ ഗൗരവമായി ഉള്‍ക്കൊള്ളുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷപ്രചാരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്ക് വേണ്ടി ഫെയ്‌സ്ബുക്ക് മാറ്റുന്നുവെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ദിനത്തില്‍ വാള്‍സ്ട്രീറ്റ് ജേണലാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.

Next Story

RELATED STORIES

Share it