India

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
X

ബെംഗളൂരു: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ എന്‍എ ഹാരിസ് എംഎല്‍എയുടെ വീട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. ഹാരിസിന്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലാപ്പാട്, ഒമര്‍ ഫാറൂഖ് നാലാപ്പാട് എന്നിവരുടെ വീടുകളടക്കം കര്‍ണാടകയിലെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. ആറു വര്‍ഷം മുന്‍പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. അനധികൃത ഇടപാട് നടത്തിയ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീകിയുമായി ഹാരിസിന്റെ മക്കള്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഇരുവര്‍ക്കും ഈ ഇടപാടുകളുടെ ആദായം ലഭിച്ചെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.

കാസര്‍കോട് സ്വദേശിയായ എന്‍ എ ഹാരിസ് ബെംഗളൂരു ശാന്തിനഗര്‍ എംഎല്‍എയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഹാരിസ്. നേരത്തെ അന്വേഷണം നടത്തിയ കര്‍ണാടക പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കര്‍ണാടക പോലിസിന്റെ സിഐഡി വിഭാഗമാണ് നാലരക്കോടിയുടെ ഇടപാട് അന്വേഷിച്ചത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ കാവലിലാണ് പരിശോധന നടക്കുന്നത്. രാവിലെ 6 മണിക്ക് തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്കും തുടരുകയാണ്. മുന്‍ കേന്ദ്രമന്ത്രിയുടെ പേരക്കുട്ടിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന കെ റഹ്‌മാന്‍ഖാന്റെ പേരക്കുട്ടി അഖീബ് ഖാന്റെ വീട്ടിലാണ് പരിശോധന . ബിറ്റ്‌കോയിന്‍ ഇടപാടുകളുടെ ഗുണം അഖീബ് ഖാന് ലഭിച്ചെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

അതേസമയം, തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈയുടെ വീട്ടില്‍ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ രാഹുല്‍ തമിഴ്‌നാട്ടില്‍ എത്തുന്ന ദിവസം റെയ്ഡ് ആസൂത്രിതമാണെന്ന് സെല്‍വപെരുന്തഗൈ ആരോപിച്ചു.

ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞുവെച്ചുവെന്നും മണ്ഡലത്തിനു പുറത്തുപോയി രാഹുലിനോപ്പം പ്രചാരണം നടത്താന്‍ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയനേതാവായ തന്റെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്നും അദ്ദേഹം ആരോിച്ചു. റെയ്ഡില്‍ ബിജെപിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുറന്നടിച്ചു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ശ്രമമെന്നും തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള നീക്കം അപലപനീയമാണെന്നും തമിഴ്‌നാട് ഉചിതമായ മറുപടി നല്‍കുമെന്നും എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.



Next Story

RELATED STORIES

Share it