India

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പൊളിഞ്ഞു; 99 ശതമാനം വോട്ടിങ് യന്ത്രങ്ങളും കൈകാര്യം ചെയ്തത് സ്വകാര്യ എന്‍ജിനീയര്‍മാര്‍

വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ എന്‍ജിനീയര്‍മാര്‍ കൈകാര്യം ചെയ്തിരുന്നു എന്ന് മാത്രമല്ല അംഗീകാരമില്ലാത്ത കമ്പനികയിലെ എന്‍ജിനീയര്‍മാരാണ് നിര്‍ണായകമായ വോട്ടിങ് യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ നിര്‍വഹിച്ചിരുന്നത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പൊളിഞ്ഞു; 99 ശതമാനം വോട്ടിങ് യന്ത്രങ്ങളും കൈകാര്യം ചെയ്തത് സ്വകാര്യ എന്‍ജിനീയര്‍മാര്‍
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കാലത്ത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും സ്വകാര്യ എന്‍ജിനീയര്‍മാര്‍ കൈകാര്യം ചെയ്തിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കല്ലുവച്ച നുണയെന്ന് വ്യക്തമായതായി ദി ക്വിന്റ്. വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ എന്‍ജിനീയര്‍മാര്‍ കൈകാര്യം ചെയ്തിരുന്നു എന്ന് മാത്രമല്ല അംഗീകാരമില്ലാത്ത കമ്പനികയിലെ എന്‍ജിനീയര്‍മാരാണ് നിര്‍ണായകമായ വോട്ടിങ് യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ നിര്‍വഹിച്ചിരുന്നത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തേ ഇത് സംബന്ധമായ വിവരങ്ങള്‍ വെളിപ്പെടുത്തിയ ദി ക്വിന്റ് തന്നെയാണ് പുതിയ വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിക്കുന്ന ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്(ഇസിഐഎല്‍) മുംബൈയിലെ സ്വകാര്യ കമ്പനിയായ ടി ആന്റ് എം സര്‍വീസസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുള്ള എന്‍ജീനീയര്‍മാരെ ഇവിഎമ്മുകളും വിവിപാറ്റുകളും കൈകാര്യം ചെയ്യാന്‍ ഉപയോഗപ്പെടുത്തിയിരുന്നുവെന്ന വിവരം കഴിഞ്ഞ മാസം ദി ക്വിന്റ് പുറത്തുവിട്ടിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് ഇവരുടെ സേവനം തേടിയത്.

എന്നാല്‍, ടി ആന്റ് എം സര്‍വീസസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് ഇസിഐഎലിന്റെ അംഗീകാരമുള്ള കമ്പനികളുടെ പട്ടികയില്‍ ഇല്ലെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തങ്ങളുടെ അംഗീകാരമുള്ള കോര്‍പറേറ്റ് കമ്പനികളുടെ 2015 മുതലുള്ള പട്ടിക ഇസിഐഎല്‍ വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ടി ആന്റ് എം സര്‍വീസസ് ആ പട്ടികയില്‍ ഇല്ല.

ടി ആന്റ് എം സര്‍വീസസിലെ ഏതാനും എന്‍ജിനീയര്‍മാരെ ക്വിന്റ് ബന്ധപ്പെട്ടിരുന്നു. സ്വകാര്യ കമ്പനിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇസിഐഎലിന് വേണ്ടി തിരഞ്ഞെടുപ്പ് കാലത്ത് വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്തിരുന്നുവെന്നും അവര്‍ സ്ഥിരീകരിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തിച്ച 99 ശതമാനം എന്‍ജിനീയര്‍മാരും കരാര്‍ ജോലിക്കാരായിരുന്നുവെന്ന് ഒരു ജൂനിയര്‍ പ്രൈവറ്റ് കണ്‍സള്‍ട്ടന്റ് വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും ടെസ്റ്റ് ചെയ്യുന്നതിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിന്റെയും ചുമതല മുഴുവന്‍ സ്വകാര്യ എന്‍ജിനീയര്‍മാക്കായിരുന്നു. ഇസിഐഎല്‍ എന്‍ജിനീയര്‍മാര്‍ മേല്‍നോട്ടച്ചുമതല വഹിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it