India

കർണാടകയിൽ യെദ്യൂരപ്പയ്ക്കെതിരേ ബിജെപിയിൽ അണിയറനീക്കം

മന്ത്രിമാരാവാൻ അവസരം നിഷേധിക്കപ്പെട്ട നേതാക്കളാണ് യെദ്യൂരപ്പയ്ക്കെതിരേ പടനയിക്കുന്നത്.

കർണാടകയിൽ യെദ്യൂരപ്പയ്ക്കെതിരേ ബിജെപിയിൽ അണിയറനീക്കം
X

ബംഗളൂരു: കർണാടകയിൽ ഭരണപക്ഷത്ത് യെദ്യൂരപ്പയ്ക്കെതിരേ ബിജെപിയിൽ അണിയറനീക്കം ശക്തം. മന്ത്രിമാരാവാൻ അവസരം നിഷേധിക്കപ്പെട്ട നേതാക്കളാണ് യെദ്യൂരപ്പയ്ക്കെതിരേ പടനയിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പയോട് താത്പര്യമില്ലെന്നും സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്നുമാണ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബസനഗൗഡ പാട്ടീൽ പരസ്യമായി പ്രസ്താവിച്ചത്.

അതേസമയം വൊക്കലിഗ നേതാവായ ഡികെ ശിവകുമാർ കോൺഗ്രസ് നേതൃത്വത്തിലേക്കെത്തിയതോടെ ജെഡിഎസിലെ പലനേതാക്കളും കൂറുമാറ്റത്തിന് തയ്യാറെടുക്കുകയാണ്. അടുത്തിടെ ബംഗളൂരുവിൽ നേതാക്കളടക്കം 200-ഓളം ജെഡിഎസ് പ്രവർത്തകർ കോൺഗ്രസിൽ ചേർന്നിരുന്നു.

മന്ത്രിസഭയിലുള്ള മൂന്ന് ഒഴിവുകളിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം വിട്ട് നേരത്തേ ബിജെപിയിലെത്തിയവരെ ഉൾപ്പെടുത്താനാണ് യെദ്യൂരപ്പയുടെ തീരുമാനം. ഇത്തരമൊരു സാഹചര്യത്തിൽ ബിജെപിയിലെ മുതിർന്ന നേതാക്കൾ സർക്കാരിനെതിരേ രംഗത്തിറങ്ങും. ഇത് മുന്നിൽക്കണ്ടാണ് കഴിഞ്ഞമാസം യെദ്യൂരപ്പയും കുമാരസ്വാമിയും കൂടിക്കാഴ്ച നടത്തിയതെന്നും അഭ്യൂഹമുണ്ട്. കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ ബിജെപി വീഴ്ത്തിയതിനുശേഷം ആദ്യമായാണ് കുമാരസ്വാമി യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.

യെദ്യൂരപ്പയെ തിടുക്കത്തിൽ മാറ്റാൻ കേന്ദ്രനേതൃത്വം തയ്യാറാകില്ലെന്നാണ് മുതിർന്ന നേതാക്കളിൽ നിന്നുള്ള പ്രതികരണം. എഴുപത്തിയേഴുകാരനായ യെദ്യൂരപ്പയ്ക്ക് മൂന്ന് വർഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ അവസരം നൽകില്ല. എന്നാൽ, അതിനുമുമ്പുള്ള വിഭാഗീയ നീക്കങ്ങളെ ചെറുക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

Next Story

RELATED STORIES

Share it