India

ഹിമാചലില്‍ ദലിത് വിദ്യാര്‍ഥിയുടെ പാന്റിനുള്ളില്‍ തേളിനെ ഇട്ട് അധ്യാപകര്‍, ക്രൂര മര്‍ദനം

ഹിമാചലില്‍ ദലിത് വിദ്യാര്‍ഥിയുടെ പാന്റിനുള്ളില്‍ തേളിനെ ഇട്ട് അധ്യാപകര്‍, ക്രൂര മര്‍ദനം
X

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ദലിത് സമുദായക്കാരനായ വിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിക്കുകയും പാന്റിനുള്ളിലേക്ക് തേളിനെ ഇടുകയും ആക്രമിക്കുകയും ചെയ്ത് പ്രധാനാധ്യാപകനും അധ്യാപകരും. ഷിംല ജില്ലയിലെ റോഹ്രു സബ് ഡിവിഷനിലെ ഖദ്ദാപാനി പ്രദേശത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ക്രൂര മര്‍ദനത്തിനും ജാതി അധിക്ഷേപത്തിനും ഇരയായത്. പ്രധാനാധ്യാപകന്‍ ദേവേന്ദ്ര, അധ്യാപകരായ ബാബു റാം, കൃതിക ഠാക്കൂര്‍ എന്നിവര്‍ ഒരു വര്‍ഷമായി തന്റെ മകനെ പതിവായി മര്‍ദ്ദിക്കുന്നു എന്നാണ് പിതാവിന്റെ ആരോപണം. മര്‍ദനത്തില്‍ കുട്ടിയുടെ ചെവിയില്‍ നിന്ന് രക്തം വരുകയും ഒരു ഘട്ടത്തില്‍ കര്‍ണപടം തകരാറിലാവുകയും ചെയ്തു.

അധ്യാപകര്‍ മകനെ സ്‌കൂളിലെ ശുചിമുറിയിലേക്കു കൊണ്ടുപോയാണ് പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടതെന്ന് ഇവര്‍ പറയുന്നു. മൂന്ന് അധ്യാപകര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു. ആണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റിയതിനും, അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ക്കും വിധേയമാക്കിയതിനാല്‍ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

പോലിസില്‍ പരാതിപ്പെടുന്നതില്‍ നിന്ന് കുട്ടിയുടെ കുടുംബത്തെ അധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പരാതി നല്‍കുകയോ സംഭവം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും പറഞ്ഞു. ഞങ്ങള്‍ നിന്നെ ചുട്ടുകൊല്ലും എന്നായിരുന്നു ഹെഡ്മാസ്റ്ററുടെ ഭീഷണി. സ്‌കൂളില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ദലിത് വിദ്യാര്‍ഥികളെ ഇരുത്തി ആഹാരം നല്‍കാറില്ലെന്നും പിതാവ് ആരോപിക്കുന്നു.





Next Story

RELATED STORIES

Share it