India

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തിരിച്ചുവരുമോ? ഫലം ഇന്നറിയാം

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍ വ്യാഴാഴ്ച്ച രാവിലെ എട്ട് മണിമുതല്‍. 288 സീറ്റുകളുള്ള മഹാരാഷ്ട്രയിലും 90 സീറ്റുകളുള്ള ഹരിയാനയിലും ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോളുകളുടെയും പ്രവചനം.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തിരിച്ചുവരുമോ? ഫലം ഇന്നറിയാം
X

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍ വ്യാഴാഴ്ച്ച രാവിലെ എട്ട് മണിമുതല്‍. 288 സീറ്റുകളുള്ള മഹാരാഷ്ട്രയിലും 90 സീറ്റുകളുള്ള ഹരിയാനയിലും ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോളുകളുടെയും പ്രവചനം.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേനാ സഖ്യവും കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു. അതേ സമയം, ഹരിയാനയില്‍ ബഹുമുഖ മല്‍സരമാണ് നടന്നത്. ബിജെപിയും കോണ്‍ഗ്രസും തനിച്ചു മല്‍സരിച്ചപ്പോള്‍ പ്രതിപക്ഷപാര്‍ട്ടിയായ ഐഎന്‍എല്‍ഡി വിഭജിച്ച് ഒരു ഗ്രൂപ്പ് ജനനായക ജനതാ പാര്‍ട്ടി(ജെജെപി) എന്ന പേരില്‍ മല്‍സരിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയത്.

രണ്ട് സംസ്ഥാനങ്ങളിലും 2014 അസംബ്ലി തിരഞ്ഞെടുപ്പിലേതിനേക്കാള്‍ പോളിങ് കുറവായിരുന്നു. മഹാരാഷ്ട്രയില്‍ 59 ശതമാനവും(2014ല്‍ 63.38), ഹരിയാനയില്‍ 65.67 ശതമാനവും(2014ല്‍ 76.54) ആയിരുന്നു പോളിങ്.

മഹാരാഷ്ട്രയില്‍ ബിജെപി 150 സീറ്റുകളിലും ശിവസേന 124 സീറ്റുകളിലുമാണ് മല്‍സരിച്ചത്. ബാക്കി ചെറുപാര്‍ട്ടികള്‍ക്ക് നല്‍കി. 145 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. നിലവില്‍ ശിവസേന-ബിജെപി സഖ്യത്തിന് 217 സീറ്റുകളുണ്ട്. കോണ്‍ഗ്രസിനും എന്‍സിപിക്കും കൂടി 56 സീറ്റുകളാണുള്ളത്. ബിജെപി-ശിവസേന സഖ്യത്തിന് 211 സീറ്റുകള്‍വരെ കിട്ടുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകളുടെ ആകെത്തുക. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 64വരെ സീറ്റു കിട്ടും.

ഹരിയാനയിലെ 90 സീറ്റുകളില്‍ 66 സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കപ്പെടുന്നത്. കോണ്‍ഗ്രസ് 14 സീറ്റുകളില്‍ ഒതുങ്ങും. 46 സീറ്റുകളാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ബിജെപി വിജയിച്ചാല്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തും.

17 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 51 അസംബ്ലി സീറ്റുകളിലേക്കും രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. ഇതില്‍ 30ഓളം അസംബ്ലി സീറ്റുകള്‍ ബിജെപിയുടേതാണ്. 12 എണ്ണം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ബാക്കി പ്രാദേശിക കക്ഷികളുടേതും.

മിനി അസംബ്ലി തിരഞ്ഞെടുപ്പിന്റെ പ്രതീതി ജനിപ്പിച്ച് ഉത്തര്‍പ്രദേശില്‍ 11 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തില്‍ ആറ് സീറ്റുകള്‍. ഇതിനു പുറമേ ബിഹാര്‍(5), അസം, പഞ്ചാബ്(4 സീറ്റുകള്‍ വീതം), കേരളം(5 സീറ്റ്), സിക്കിം(3 സീറ്റ്), രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്(2 സീറ്റുകള്‍ വീതം), അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, ചത്തീസ്ഗഡ്, പുതുച്ചേരി, മേഘാലയ, തെലങ്കാന(ഒരു സീറ്റ് വീതം) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Next Story

RELATED STORIES

Share it