India

തിഹാര്‍ ജയിലിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ചിദംബരത്തെ കാണുന്നതില്‍നിന്ന് വിലക്കി

മുകുള്‍ വാസ്‌നിക്, പി സി ചാക്കോ, മാണിക്കം ടാഗോര്‍, അവിനാഷ് പാണ്ഡെ എന്നിവര്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തിനാണ് ചിദംബരവുമായുള്ള കൂടിക്കാഴ്ചയ്ക്കു അനുമതി നിഷേധിച്ചത്.

തിഹാര്‍ ജയിലിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ചിദംബരത്തെ കാണുന്നതില്‍നിന്ന് വിലക്കി
X

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ അനുവദിച്ചില്ല. മുകുള്‍ വാസ്‌നിക്, പി സി ചാക്കോ, മാണിക്കം ടാഗോര്‍, അവിനാഷ് പാണ്ഡെ എന്നിവര്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തിനാണ് ചിദംബരവുമായുള്ള കൂടിക്കാഴ്ചയ്ക്കു അനുമതി നിഷേധിച്ചത്. ചിദംബരത്തെ കാണാനുള്ള സമയം അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചത്.

ജയില്‍ സൂപ്രണ്ടുമായി നേതാക്കള്‍ സംസാരിച്ചെങ്കിലും സമയം കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ചിദംബരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് നേതാക്കള്‍ ജയിലിലെത്തിയത്. ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ചിദംബരത്തെ വിചാരണക്കോടതി 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് തിഹാര്‍ ജയിലിലേക്കു മാറ്റിയത്. സുപ്രിംകോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് ചിദംബരത്തെ വിചാരണക്കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്.

ചിദംബരത്തിന് ഇസഡ് കാറ്റഗറിയുള്ള കനത്ത സുരക്ഷയാണ് ജയിലിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. തിഹാര്‍ ജയിലിലെ ഒമ്പതാം വാര്‍ഡില്‍ ഏഴാം നമ്പര്‍ മുറിയിലാണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അഭിഭാഷകന്‍ കപില്‍ സിബലിന്റെ അഭ്യര്‍ഥനപ്രകാരം ചിദംബരത്തിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സിബിഐ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജയിലിലെ ലൈബ്രറി ഉപയോഗിക്കുന്നതിനും ടെലിവിഷന്‍ കാണുന്നതിനും ചിദംബരത്തിന് അവസരം നല്‍കിയിട്ടുണ്ട്. സപ്തംബര്‍ 19 വരെയാണ് ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി.

Next Story

RELATED STORIES

Share it