India

കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ട്യം ഉപേക്ഷിച്ച് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം: എം കെ ഫൈസി

പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകളില്ലാതെ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നതും കാര്‍ഷിക ഉല്‍പന്ന വിപണിയില്‍ പ്രവേശിക്കാന്‍ കോര്‍പറേറ്റ് കുത്തകകളെ സഹായിക്കുന്നതുമാണ്.

കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ട്യം ഉപേക്ഷിച്ച് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം: എം കെ ഫൈസി
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ട്യം ഉപേക്ഷിച്ച് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കര്‍ഷകരുടെ പ്രതിഷേധം സംബന്ധിച്ച പരാമര്‍ശത്തിനിടെ പ്രശ്‌നം ശരിയായി കേന്ദ്രം കൈകാര്യം ചെയ്യുന്നതായി തങ്ങള്‍ കരുതുന്നില്ലെന്ന സുപ്രിംകോടതിയുടെ നിരീക്ഷണം കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനുമേറ്റ കനത്ത പ്രഹരമാണ്. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനും തലസ്ഥാനത്ത് ഒരുമാസത്തിലധികമായി തുടരുന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ക്ക് സാഹചര്യം ഒരുക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചു.

പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകളില്ലാതെ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നതും കാര്‍ഷിക ഉല്‍പന്ന വിപണിയില്‍ പ്രവേശിക്കാന്‍ കോര്‍പറേറ്റ് കുത്തകകളെ സഹായിക്കുന്നതുമാണ്. കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ ഈ നിയമത്തിലൂടെ നിര്‍ബന്ധിതരാവും.

ദോഷകരമായ നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ യഥാര്‍ഥ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ട്യവും മര്‍ക്കടമുഷ്ടിയുമാണ് കാണിക്കുന്നത്. കര്‍ഷക പ്രക്ഷോഭം 47 ദിവസം പിന്നിട്ടിട്ടും കര്‍ഷകരുടെ ന്യായമായ ആവശ്യം പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍ അവരെ പരിഹസിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ട്യവും പിടിവാശിയും ഉപേക്ഷിച്ച് കര്‍ഷകവിരുദ്ധമായ നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it