India

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 28 ശതമാനമായി വര്‍ധിപ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 28 ശതമാനമായി വര്‍ധിപ്പിച്ചു
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ/പെന്‍ഷന്റെ നിലവിലുള്ള 17 ശതമാനത്തില്‍നിന്ന് 28 ശതമാനമാക്കിയാണ് ഡിഎ (ക്ഷാമബത്ത) വര്‍ധിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിഎ വര്‍ധനവ് മരവിപ്പിച്ചിരുന്നു. പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷമാശ്വാസവും വര്‍ധിപ്പിക്കും.

2021 ജൂലൈ ഒന്നുമുതലാണ് പുതുക്കിയ ഡിഎ പ്രാബല്യത്തിലാവുകയെന്ന് കേന്ദ്രധനമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഡിഎ പുനസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തില്‍കാര്യമായ വര്‍ധനവുണ്ടാവും. 50 ലക്ഷം ജീവനക്കാര്‍ക്കും 65 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിക്കും.

കൊവിഡ് മഹാമാരി മൂലം ഇന്നുവരെ ഉണ്ടാവാതിരുന്ന സാഹചര്യമുയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തില്‍ 2020 ജനുവരി ഒന്ന്, 2020 ജൂലൈ ഒന്ന്, 2021 ജനുവരി 1 എന്നീ കാലങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയുടെയും (ഡിഎ) പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസത്തിന്റെയും(ഡിആര്‍) മൂന്ന് അധിക ഗഡുക്കള്‍ മരവിപ്പിച്ചിരുന്നു.

2020 ജനുവരി ഒന്നുമുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവിലെ ക്ഷാമബത്ത/ക്ഷാമാശ്വാസ നിരക്കുകള്‍ 17 ശതമാനമായി തന്നെ നിലനില്‍ക്കും. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സര്‍ക്കാരിനുണ്ടാവുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ വര്‍ധന കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്.

Next Story

RELATED STORIES

Share it