India

സിബിഐ മേധാവിയായ ശുക്ലയെ നിയമിച്ചത് കൂടുതല്‍ യോഗ്യതയുള്ളവരെ തഴഞ്ഞ്

ഋഷികുമാര്‍ ശുക്ല ജുഡീഷ്യറിക്കെതിരേ പരസ്യ പ്രസ്താവന നടത്തിയ വ്യക്തി

സിബിഐ മേധാവിയായ ശുക്ലയെ നിയമിച്ചത് കൂടുതല്‍ യോഗ്യതയുള്ളവരെ തഴഞ്ഞ്
X

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തുനിന്ന് നീക്കി മൂന്നാം ദിവസം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ വിശ്വാസ്യത കാക്കാന്‍ ഋഷി കുമാര്‍ ശുക്ലയെ നിയോഗിച്ചത് യോഗ്യതയുള്ള ഉദ്യോഗസ്ഥനെ തഴഞ്ഞ്. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ഉന്നത തല സമിതിയിലെ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെയുടെ എതിര്‍പ്പ് അവഗണിച്ചാണ് ഋഷി കുമാറിന്റൈ നിയമനം. കുറ്റാന്വേഷണത്തില്‍ വേണ്ടത്ര പരിചയസമ്പത്തില്ലാത്ത വ്യക്തയാണ് ഋഷി കുമാറെന്നാണ് മല്ലികാര്‍ജുന്‍ കാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഋഷി കുമാറിനേക്കാള്‍ യോഗ്യന്‍ 1983 ബാച്ച് ഉത്തര്‍പ്രദേശ് കാഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ് ജാവേദ് അഹമ്മദാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സുപ്രിംകോടതിയുടെ മാര്‍ഗ നിര്‍ദേശവും ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിലെ വ്യവസ്ഥകളും പ്രകാരം സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യന്‍ ജാവേദാണെന്നാണ് കാര്‍ഗെ തന്റെ വിയോജന കുറിപ്പില്‍ എഴുതിയിരിക്കുന്നത്.മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ വിശ്വസ്തനായിരുന്ന ഋഷി കുമാറിനെ ജനുവരി 29നാണ് മധ്യപ്രദേശ് പോലിസ് ഹൗസിങ് കോര്‍പറേഷന്‍ അധ്യക്ഷനായി സ്ഥലം മാറ്റിയത്. നരേന്ദ്രമോദി സര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന അഞ്ചു പേരുള്‍പ്പെട്ട അവസാന ചുരുക്കപ്പട്ടികയില്‍ ഒന്നാമനായ ഋഷി കുമാറിനെ കഴിഞ്ഞ ജൂലൈ മാസമാണ് മധ്യപ്രദേശ് ഡിജിപിയായി ശിവരാജ് സിങ് ചൗഹാന്‍ നിയമിച്ചത്. മധ്യപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അവധിയില്‍ പ്രവേശിച്ച ഋഷി കുമാര്‍, തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളും സംഘപരിവാര്‍ വിധേയത്വവുമുള്ള ഋഷി കുമാര്‍ ശുക്ലയ്ക്ക് കുത്തഴിഞ്ഞു കിടക്കുന്ന സിബിഐയുടെ വിശ്വാസ്യത വീണ്ടെടുക്കാനാവുമോ എന്നാണ് ഉയരുന്ന ചോദ്യം. മധ്യപ്രദേശിലെ ഗ്വളിയോര്‍ സ്വദേശിയായ ഋഷി കുമാര്‍ 2020 ഒക്ടോബറിലാണ് സര്‍വീസില്‍ നിന്ന് വിരമിക്കുക. സിബിഐ ഡയറക്ടറായി നിയമനം ലഭിച്ചതോടെ സേവന കാലാവധി മൂന്നുമാസം അധികം ലഭിക്കും.



ഋഷികുമാര്‍ ശുക്ല ജുഡീഷ്യറിക്കെതിരേ പരസ്യ പ്രസ്താവന നടത്തിയ വ്യക്തി

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറായി നിയമിതനായ ഋഷികുമാര്‍ ശുക്ല ഇന്ത്യന്‍ ജുഡീഷ്യറിക്കെതിരേ പരസ്യ പ്രസ്താവന നടത്തിയ വ്യക്തി. ജഡ്ജിമാര്‍ അവരുടെ താല്‍പര്യത്തിന് അനുസരിച്ച് നിയമങ്ങള്‍ വ്യാഖ്യാനിക്കുകയാണെന്നായിരുന്നു ദലിത് അതിക്രമം തടയല്‍ നിയമത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈയില്‍ ഭോപ്പാലില്‍ നടന്ന ഒരു സെമിനാറില്‍ അദ്ദേഹം പറഞ്ഞത്. നിയമപരമായ നടപടിക്രമങ്ങളില്‍ ജുഡീഷ്യറിയുടെ പക്ഷപാതവും മുന്‍വിധികളും പ്രതിഫലിപ്പിക്കപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഡിജിപിയുടെ പ്രസ്താവന അധിക്ഷേപാര്‍ഹമാണെന്ന് വിശേഷിപ്പിച്ച ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അദ്ദേഹത്തിനെതിരേ കോടതിയാലക്ഷ്യ നടപടി ആവശ്യപ്പെട്ടിരുന്നു. എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശത്തിനെതിരേ ഏപ്രില്‍ രണ്ടിന് നടന്ന ബന്ദില്‍ ശുക്ല പക്ഷപാതപരമായ സമീപനം സ്വീകരിച്ചുവെന്ന് ദലിത് വിഭാഗങ്ങള്‍ ആരോപിച്ചിരുന്നു.




Next Story

RELATED STORIES

Share it