India

ഷാജഹാന്‍പൂര്‍ നിയമ വിദ്യാര്‍ഥിയുടെ അറസ്റ്റ്: നീതി നിഷേധമെന്ന് കാംപസ് ഫ്രണ്ട്

ബലാത്സംഗത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനുപകരം വേട്ടക്കാരെ സംരക്ഷിക്കുന്നതിലൂടെ യുപിയിലെ യോഗി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് തുറന്ന് കാട്ടുന്നതെന്നും കാംപസ് ഫ്രണ്ട് ദേശീയ ഖജാഞ്ചി അതീഖ് റഹ്മാന്‍ പറഞ്ഞു.

ഷാജഹാന്‍പൂര്‍ നിയമ വിദ്യാര്‍ഥിയുടെ അറസ്റ്റ്:  നീതി നിഷേധമെന്ന് കാംപസ് ഫ്രണ്ട്
X

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരേ ബലാല്‍സംഗം ആരോപിച്ച നിയമവിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത നടപടി സ്വാഭാവിക നീതിയുടെ വ്യക്തമായ നിഷേധമാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ ഖജാഞ്ചി അതീഖ് റഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബലാത്സംഗം ചെയ്ത സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബലാത്സംഗത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനുപകരം വേട്ടക്കാരെ സംരക്ഷിക്കുന്നതിലൂടെ യുപിയിലെ യോഗി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് തുറന്ന് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന യുപിയിലെ സ്ഥിതി ആശങ്കാജനകമാണ്. ഉന്നാവോ ബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇതിന് ഉദാഹരണമാണ്. ഈ കേസുകളിലെല്ലാം ബിജെപി നേതാക്കളോ സഖ്യകക്ഷി നേതാക്കളോ പ്രതികളാണ്. പരാതിക്കാരെ സംരക്ഷിക്കേണ്ട പോലിസും മറ്റ് അന്വേഷണ ഏജന്‍സികളും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായും ബിജെപി ഓഫിസില്‍ നിന്നുള്ള ഉത്തരവുകളാണ് പോലിസ് നടപ്പാക്കുന്നതെന്നും അതീഖ് കുറ്റപ്പെടുത്തി.

നീതി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ജുഡീഷ്യറി സ്വീകരിക്കാത്തത് നിരാശാജനകമാണ്. ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടയാളെ നിരുപാധികമായി മോചിപ്പിക്കാനും അര്‍ഹമായ നീതി നല്‍കാനും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു.

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരേ ബലാല്‍സംഗം ആരോപിച്ച നിയമവിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഷാജഹാന്‍പൂരിലെ വസതിയില്‍ നിന്നാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. വിദ്യാര്‍ഥിനി ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് അറസ്റ്റ്.

5 കോടി രൂപ ആവശ്യപ്പെട്ട് ചിന്‍മയാനന്ദിന്റെ ഫോണിലേക്ക് വന്ന ഒരു ടെക്സ്റ്റ് മെസേജുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തതായും കോടതിയില്‍ ഹാജരാക്കി ചോദ്യം ചെയ്യലിന് വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. രാവിലെ എട്ട് മണിക്ക് വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം അവരെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്ന് അഭിഭാഷകന്‍ ആരോപിച്ചു. ബാത്ത്‌റൂമില്‍ പോവണമെന്ന ആവശ്യം പോലും പോലിസ് അംഗീകരിക്കാന്‍ തയ്യാറായില്ല.

ചിന്‍മയാനന്ദില്‍ നിന്ന് 5 കോടി ആവശ്യപ്പെട്ട് സന്ദേശമയച്ചുവെന്നാരോപിച്ച് സഞ്ജയ് സിങ്, സച്ചിന്‍ സെന്‍ഗര്‍, വിക്രം എന്നിവരെ കഴിഞ്ഞയാഴ്ച്ച എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. ഫോണ്‍കോളുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയില്‍ നിന്ന് വിദ്യാര്‍ഥിനിയും ഈ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായതായി എസ്‌ഐടി വൃത്തങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇത് നിഷേധിച്ച വിദ്യാര്‍ഥിനി ചിന്‍മയാനന്ദിനെതിരായ ബലാല്‍സംഗക്കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുന്നു.

Next Story

RELATED STORIES

Share it