India

ബാബരി വിധി: പുനപ്പരിശോധനാ ഹരജികള്‍ നാളെ പരിഗണിക്കും

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ചേംബറില്‍ ഉച്ചയ്ക്ക് 1.40നാണ് ഹരജികള്‍ പരിഗണിക്കുക. ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമോ എന്ന കാര്യത്തിലും നാളെ തീരുമാനമെടുക്കും.

ബാബരി വിധി: പുനപ്പരിശോധനാ ഹരജികള്‍ നാളെ പരിഗണിക്കും
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ അഞ്ചംഗ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയ്‌ക്കെതിരേ സമര്‍പ്പിച്ച ഇരുപതോളം പുനപ്പരിശോധനാ ഹരജികള്‍ നാളെ സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ചേംബറില്‍ ഉച്ചയ്ക്ക് 1.40നാണ് ഹരജികള്‍ പരിഗണിക്കുക. ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമോ എന്ന കാര്യത്തിലും നാളെ തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിച്ച ഒഴിവിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഉള്‍പ്പെടുത്തി ഭരണഘടന ബെഞ്ച് പുനസ്സംഘടിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരേ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള കക്ഷികളാണ് ഹരജി നല്‍കിയിട്ടുള്ളത്. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡ് മുന്‍കൈയെടുത്ത് അഞ്ച് പുനപ്പരിശോധന ഹരജികളാണ് സമര്‍പ്പിച്ചത്.

മുസ്‌ലിംപക്ഷത്തെ കക്ഷികള്‍ക്കുവേണ്ടി അന്തിമവാദത്തില്‍ ഹാജരായ അഡ്വ.രാജീവ് ധവാന്റെയും അഡ്വ. സഫരിയാബ് ജീലാനിയുടെയും മേല്‍നോട്ടത്തിലാണ് നേരത്തെ കക്ഷികളായിരുന്ന മുഫ്തി ഹസ്ബുല്ലാഹ്, മൗലാന മഹ്ഫൂസുര്‍റഹ്മാന്‍, മിസ്ബാഹുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി മഹ്ബൂബ് എന്നിവര്‍ ഹരജികള്‍ സമര്‍പ്പിച്ചത്. ഭരണഘടനാ ബെഞ്ച് വിധിക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉത്തരമേഖലാ സെക്രട്ടറി അനിസ് അന്‍സാരി പുനപ്പരിശോധനാ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. പരമോന്നത കോടതിയില്‍നിന്ന് ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള നീതി ലഭ്യമാവണമെന്നാണ് ഹരജിയിലെ ആവശ്യം. കൂടാതെ മുസ്‌ലിം പക്ഷത്തുനിന്ന് ഉത്തര്‍പ്രദേശിലെ പീസ് പാര്‍ട്ടിയും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും ഹരജി നല്‍കിയിട്ടുണ്ട്.

കേസിലെ മുഖ്യ ഹിന്ദുകക്ഷിയായ നിര്‍മോഹി അഖാരയും ഇന്ന് പുനപ്പരിശോധനാ ഹരജി നല്‍കി. നവംബര്‍ എട്ടിനാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് ബാബരി കേസില്‍ വിധി പറഞ്ഞത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിര്‍മിക്കാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് വിട്ടുനല്‍കണമെന്നായിരുന്നു സുപ്രിംകോടതിയുടെ നിര്‍ണായക വിധി. 1992ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.77 ഏക്കര്‍ കോമ്പൗണ്ട് ഭൂമിക്ക് പകരമായി പള്ളി നിര്‍മിക്കാന്‍ മുസ്‌ലിംകള്‍ക്ക് അഞ്ചേക്കര്‍ സ്ഥലം നല്‍കണം. ബാബരി ഭൂമി കൈമാറുന്നതുവരെ ഉടമാവകാശം കേന്ദ്രസര്‍ക്കാരിനാണെന്നും സുപ്രിംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it