India

ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; മിനി ട്രക്കിനുള്ളില്‍ രണ്ടുപേര്‍ മരിച്ച നിലയില്‍

ജമ്മു-ശ്രീനഗര്‍ പാതയിലെ ബനിഹാലില്‍ ജവഹര്‍ ടണലിന് ചുറ്റുമുള്ള മഞ്ഞുവീഴ്ചയിലാണ് ഇവര്‍ കുടുങ്ങിയത്.

ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; മിനി ട്രക്കിനുള്ളില്‍ രണ്ടുപേര്‍ മരിച്ച നിലയില്‍
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച മൂലം ഞായറാഴ്ച രണ്ടുപേര്‍ മരിച്ചു. വടക്കന്‍ കശ്മീരിലെ കുപ്‌വാരയില്‍ മിനി ട്രക്കിനുള്ളിലാണ് രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജമ്മു-ശ്രീനഗര്‍ പാതയിലെ ബനിഹാലില്‍ ജവഹര്‍ ടണലിന് ചുറ്റുമുള്ള മഞ്ഞുവീഴ്ചയിലാണ് ഇവര്‍ കുടുങ്ങിയത്. വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ ക്രാല്‍പോറ ഗ്രാമവാസികളായ ഷബീര്‍ അഹ്മദ് മിര്‍ (22), മജിദ് ഗുല്‍സാര്‍ മിര്‍ (30) എന്നിവരാണ് മരിച്ചത്. ശ്രീനഗറിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍.

ഞായറാഴ്ച രാവിലെയാണ് ഇരുവരെയും വാഹനത്തിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതെന്നും അടുത്തുള്ള ആശുപത്രിയിലെത്തിച്ചതായും ഇരുവരും മരണപ്പെട്ടിരുന്നതായും അധികൃതര്‍ അറിയിച്ചു. പ്രാഥമികാന്വേഷണത്തില്‍ മഞ്ഞില്‍നിന്ന് രക്ഷനേടാന്‍ അവര്‍ വാഹനത്തിന്റെ ഹീറ്റര്‍ ഉപയോഗിച്ചിരുന്നതായും രാത്രിയില്‍ കല്‍ക്കരി കത്തിച്ചതായും അധികൃതര്‍ പറയുന്നു. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഒരുദിവസം ദേശീയപാത അടച്ചിട്ടശേഷം വാഹനങ്ങള്‍ക്കായി വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു.

കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 270 കിലോമീറ്റര്‍ ഹൈവേ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കശ്മീരിലേക്ക് പോവുന്ന വാഹനങ്ങള്‍ക്കായി യാത്ര ചെയ്യാന്‍ അനുവദിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും ഡ്രൈവര്‍മാരും രംഗത്തെത്തി. ഇരുവരുടെയും മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് ഇവര്‍ ആരോപിച്ചു. പോലിസിനു നേരെ ജനക്കൂട്ടം കല്ലെറിയുകയും ചെയ്തു. മുതിര്‍ന്ന പോലിസുകാരും സിവില്‍ ഓഫിസര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തി കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി.

Next Story

RELATED STORIES

Share it