India

ജയ്പൂര്‍ സ്‌ഫോടനക്കേസ്: 12 വര്‍ഷത്തെ തടവിനുശേഷം കുറ്റവിമുക്തന്‍, വീണ്ടും അറസ്റ്റുചെയ്ത് വേട്ടയാടല്‍; കുറ്റാരോപിതന് ജാമ്യം അനുവദിച്ച് കോടതി

സ്‌ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എട്ട് എഫ്‌ഐആറുകളില്‍നിന്ന് ഷഹബാസിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു. എന്നാല്‍, മോചിപ്പിക്കേണ്ടതിന് പകരം സമാനകേസില്‍ ഒമ്പതാമതൊരു എഫ്‌ഐആറിന്റെ പേരില്‍ ഷഹബാസിനെ പോലിസ് വീണ്ടും ജയിലില്‍വച്ച് അറസ്റ്റുചെയ്യുകയായിരുന്നു.

ജയ്പൂര്‍ സ്‌ഫോടനക്കേസ്: 12 വര്‍ഷത്തെ തടവിനുശേഷം കുറ്റവിമുക്തന്‍, വീണ്ടും അറസ്റ്റുചെയ്ത് വേട്ടയാടല്‍; കുറ്റാരോപിതന് ജാമ്യം അനുവദിച്ച് കോടതി
X

ജയ്പൂര്‍: ജയ്പൂര്‍ സ്‌ഫോടനക്കേസില്‍ 12 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കോടതി കുറ്റവിമുക്തനാക്കിയ ആരോപണവിധേയനെ സമാന കേസില്‍ വീണ്ടും അറസ്റ്റുചെയ്ത് പോലിസിന്റെ വേട്ടയാടല്‍. പോലിസിന്റെ വിചിത്രനടപടിയില്‍ അമ്പരപ്പ് പ്രകടിപ്പിച്ച രാജസ്ഥാന്‍ ഹൈക്കോടതി കുറ്റാരോപിതന് ഒടുവില്‍ ജാമ്യം അനുവദിച്ചു. ജയ്പൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷഹബാസ് അഹമ്മദിനാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എട്ട് എഫ്‌ഐആറുകളില്‍നിന്ന് ഷഹബാസിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു. എന്നാല്‍, മോചിപ്പിക്കേണ്ടതിന് പകരം സമാനകേസില്‍ ഒമ്പതാമതൊരു എഫ്‌ഐആറിന്റെ പേരില്‍ ഷഹബാസിനെ പോലിസ് വീണ്ടും ജയിലില്‍വച്ച് അറസ്റ്റുചെയ്യുകയായിരുന്നു.

ഷഹബാസിന്റെ ജാമ്യാപേക്ഷ പരിഗണനയ്ക്കുവന്നപ്പോള്‍ പോലിസിന്റെ പ്രതികാര നടപടിയെ രാജസ്ഥാന്‍ ഹൈക്കോടതി ചോദ്യംചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കുമ്പോള്‍ ഷഹബാസിനെ 12 വര്‍ഷമായി അറസ്റ്റുചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അഡ്വക്കേറ്റ് ജനറലിനോട് ജസ്റ്റിസ് പ്രദീപ് ഭണ്ഡാരി ആരാഞ്ഞു. എന്നാല്‍, കൃത്യമായ മറുപടി പറയാനാവാതെ എജിയും കുഴങ്ങി. നിലവിലെ എട്ട് എഫ്‌ഐആറുകളുമായി സാമ്യമുള്ളതാണ് ഒമ്പതാമത്തെ എഫ്‌ഐആറും എന്ന വസ്തുത കണക്കിലെടുത്ത് ജഡ്ജി ഷഹബാസിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ജയ്പൂരില്‍ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2008 മെയ് 13ന് ഷഹബാസിനെതിരേ ഒമ്പത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. അഞ്ച് പ്രതികള്‍ക്കെതിരേ എട്ട് കേസുകളില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എട്ടുകേസുകളില്‍ അഞ്ചുപേരില്‍ നാലുപേര്‍ക്ക് വധശിക്ഷ വിധിച്ചു. ഷഹബാസിനെ മാത്രമാണ് കോടതി കുറ്റവിമുക്തനാക്കിയത്. എന്നാല്‍, ഷഹബാസിനെ മോചിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. ഇതെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇയാള്‍ക്കെതിരേ രണ്ട് കേസുകള്‍കൂടി ബാക്കിയുണ്ടെന്ന വിവരമാണ് ലഭിച്ചത്. രണ്ട് കേസുകളില്‍ ഒന്നില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ചെങ്കിലും മമറ്റൊരു കേസില്‍ 2019 ഡിസംബര്‍ 25ന് ജയിലില്‍നിന്ന് അറസ്റ്റുചെയ്യപ്പെട്ടു.

ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ഒമ്പത് എഫ്‌ഐആറുകളും 2008 മുതലുള്ളതാണെന്ന് അപേക്ഷകന്‍ ചൂണ്ടിക്കാട്ടി. എട്ടുകേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എട്ടുകേസുകളിലും അപേക്ഷകനെ കുറ്റവിമുക്തനാക്കി. കേസെടുത്ത് പന്ത്രണ്ട് വര്‍ഷത്തിനുശേഷം ഇദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ ഒരു കാരണവുമില്ല. എല്ലാ കേസുകളിലെയും ആരോപണങ്ങള്‍ സമാനമാണ- ഹരജിക്കാരന്‍ വാദിച്ചു. സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഹാജരാക്കിയ വസ്തുതകളില്‍ തര്‍ക്കമുന്നയിക്കാന്‍ കൂട്ടാക്കിയില്ല.

ഒമ്പത് എഫ്‌ഐആറുകളും ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടതാണെന്നും അവ സമാനമാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. ജയ്പൂര്‍ മെട്രോപൊളിറ്റന്‍ പോലിസ് സ്റ്റേഷന്‍ കോട്‌വാലിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153, 153എ വകുപ്പുകള്‍, സ്‌ഫോടനാത്മക ലഹരിവസ്തു നിയമത്തിലെ 4, 5, 6 വകുപ്പുകള്‍, യുഎപിഎയിലെ 16 എ, 18 വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹരജിക്കാരനുവേണ്ടി അഭിഭാഷകരായ മുജാഹിദ് അഹമ്മദ്, നിഷാന്ത് വ്യാസ് എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it