India

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം: 22 അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

ജമ്മു കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരേയാണ് അലിഗഡ് പോലിസ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 24നായിരുന്നു കേസിനാസ്പദമായ സമരം.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം: 22 അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്
X

ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 22 അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് കേസെടുത്തു. ജമ്മു കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരേയാണ് അലിഗഡ് പോലിസ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 24നായിരുന്നു കേസിനാസ്പദമായ സമരം. ഇതിനു തൊട്ടുമുമ്പത്തെ ദിവസം അലിഗഡിലെ ജീവന്‍ഗഡില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരെ പോലിസ് നേരിട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരേയാണ് പോലിസ് വെള്ളിയാഴ്ച രാത്രി കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരിലും ജില്ലയിലെ പ്രധാന റോഡ് ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാരോപിച്ചാണ് കേസെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ലോക്കല്‍ പോലിസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അലിഗഡിലെ മുന്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ അംഗമായ മുഹമ്മദ് അതാര്‍ ഉള്‍പ്പടെ 22 പേര്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ചതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകളും ഉള്‍പ്പടെയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ജീവന്‍ഗഡില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ഈ വിദ്യാര്‍ഥികള്‍ ലഘുലേഖകളും ഭക്ഷണവും വിതരണം ചെയ്‌തെന്നും പ്രക്ഷോഭത്തിലേക്ക് അനധികൃതമായി ആളുകളെ എത്തിച്ചുവെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അലിഗഡ് ജില്ലാ ഭരണകൂടം പ്രക്ഷോഭത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നത്. ഈ സമരവുമായി ബന്ധപ്പെട്ട് ഏഴുവിദ്യാര്‍ഥികള്‍ക്കെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു. പോലിസ് നല്‍കിയ തെളിവുകളും രേഖകളും പരിശോധിച്ചശേഷം സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരേ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് രജിസ്ട്രാര്‍ അബ്ദുല്‍ ഹമീദ് അറിയിച്ചു.

Next Story

RELATED STORIES

Share it