Soft News

104ാം വയസ്സിലും 100ല്‍ 89 മാര്‍ക്ക്; അക്ഷരമുത്തശ്ശിക്ക് നാടിന്റെ ആദരം

104ാം വയസ്സിലും 100ല്‍ 89 മാര്‍ക്ക്; അക്ഷരമുത്തശ്ശിക്ക് നാടിന്റെ ആദരം
X

കോട്ടയം: 104ാം വയസില്‍ സാക്ഷരത മിഷന്റെ മികവുല്‍സവം പരീക്ഷയെഴുതി വിജയിച്ച സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പഠിതാവ് തിരുവഞ്ചൂര്‍ തട്ടാംപറമ്പില്‍ കുട്ടിയമ്മ കോന്തിക്ക് ജില്ലയുടെ ആദരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ കുട്ടിയമ്മയുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച്, ഫലകം നല്‍കിയാണ് ആദരിച്ചത്. സാക്ഷര ജില്ലയ്ക്ക് അഭിമാനമാണ് അക്ഷര മുത്തശ്ശിയുടെ നേട്ടമെന്ന് നിര്‍മല ജിമ്മി പറഞ്ഞു. കുട്ടിയമ്മയെ പഠനത്തിലേക്ക് തിരിച്ചുവിട്ട സാക്ഷരതാ പ്രേരക് രഹനാ ജോണിനെയും ചടങ്ങില്‍ ആദരിച്ചു. രണ്ടര മാസം കൊണ്ടാണ് കുട്ടിയമ്മ പഠനം പൂര്‍ത്തിയാക്കി നാലാം ക്ലാസ് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത നേടിയത്.

100 ല്‍ 89 മാര്‍ക്ക് നേടി മികച്ച വിജയമാണ് മുത്തശ്ശി നേടിയത്. അക്ഷര വെളിച്ചത്തിന്റെ തിളക്കത്തിലും സന്തോഷത്തിലുമാണ് കുട്ടിയമ്മ കോന്തി. എന്ത് കിട്ടിയാലും വായിക്കുമെന്നും വായിക്കാതെ പറ്റില്ലെന്നുമാണ് കുട്ടിയമ്മ പറയുന്നത്. ഇതൊന്നും വായിക്കാന്‍ കുട്ടിയമ്മയ്ക്ക് കണ്ണടയും വേണ്ട. പക്ഷേ, മൂന്ന് മാസം മുമ്പുവരെ എഴുതാനറിയില്ലായിരുന്നു. അതും ഇപ്പോള്‍ സാധിച്ച ഗമയിലാണ് 104ാം വയസ്സില്‍ കുട്ടിയമ്മ. സാക്ഷരതാ പഠനത്തിന് ശേഷം പത്രവായനയും പഴയ സിനിമാഗാനങ്ങള്‍ എഴുതലുമാണ് കുട്ടിയമ്മയുടെ പ്രധാന വിനോദങ്ങള്‍.

കുട്ടിയമ്മയ്ക്ക് കേള്‍വിക്കുറവുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ല. കുട്ടിയമ്മയുടെ അഞ്ചുമക്കളില്‍ രണ്ടുപേര്‍ മരിച്ചു. മൂത്ത മകന്‍ ടി കെ ഗോപാലനൊപ്പം തിരുവഞ്ചൂരാണ് ഇപ്പോള്‍ താമസം. കുട്ടിയമയുടെ മക്കളെ കണ്ടാല്‍ കൂട്ടുകാരെന്ന് തോന്നും. എഴുപത്തിയാറുകാരന്‍ ഗോപാലനും 81 കാരി ജാനകിയുമാണ് കുട്ടിയമ്മയുടെ മക്കള്‍. അഞ്ച് തലമുറയെയും കുട്ടിയമ്മ കണ്ട് കഴിഞ്ഞു. 13 കൊച്ചുമക്കളുണ്ട്. അഞ്ചു തലമുറയെയും കുട്ടിയമ്മ കണ്ടു കഴിഞ്ഞു. ചുറുചുറുക്കോടെ പഠിക്കാന്‍ വന്ന കുട്ടിയമ്മയെ പഠിപ്പിക്കാന്‍ സാക്ഷരത പ്രേരകിന് ഒട്ടും പാടുപെടേണ്ടിവന്നിരുന്നില്ല. നാലാം ക്ലാസ് പരീക്ഷയെഴുതാനുള്ള യോഗ്യതയാണ് കുട്ടിയമ്മ നേടിയത്.

പക്ഷേ, ഇനിയിപ്പോ അതിനൊന്നും വയ്യെന്ന് മോണ കാട്ടിയുള്ള കള്ളച്ചിരിയോടെ കുട്ടിയമ്മ പറയുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചന്‍ ജോസഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. പുഷ്പമണി, അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു, ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, സാക്ഷരത മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. വി വി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം സുജാത ബിജു, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ സി ഐപ്പ്, ജിജി നാഗമറ്റം, പഞ്ചായത്തംഗം ഷീന മാത്യു, മഞ്ചു സുരേഷ്, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഹരീഷ് കുമാര്‍, അനില്‍ കൂരോപ്പട എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it