Kerala News

തിരഞ്ഞെടുപ്പ് ബോധവൽകരണത്തിനായി ട്രാൻസ്‌ജെൻഡർമാരും

ഇത്തവണ 174 ട്രാൻസ്‌ജെൻഡർമാരാണ് സംസ്ഥാനത്ത് വോട്ടർപട്ടികയിൽ ഇടംനേടിയിട്ടുള്ളത്. ഇതിൽ 16 പേർ എൻആർഐ വോട്ടർമാരാണെന്നതും പ്രത്യേകതയാണ്. ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ളത് തിരുവനന്തപുരം ജില്ലയിലാണ് -48 പേർ.

തിരഞ്ഞെടുപ്പ് ബോധവൽകരണത്തിനായി ട്രാൻസ്‌ജെൻഡർമാരും
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ആദ്യമായി വോട്ട് ചെയ്യാൻ മാത്രമല്ല തിരഞ്ഞെടുപ്പ് ബോധവൽകരണത്തിനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് തലസ്ഥാനത്തെ ട്രാൻസ്‌ജെൻഡർമാർ. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു സമീപം വോട്ടിങ് ബോധവൽകരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച പവലിയനിൽ ട്രാൻസ്‌ജെൻഡർമാർ വോട്ടിങുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കും. പവലിയന്റെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർവഹിച്ചു.

ശ്രുതി സിതാര, ശ്യാമ എസ് പ്രഭ, ഹെയ്ദി സാദിയ എന്നിവരാണ് ബോധവൽകരണ പരിപാടികൾ നയിക്കാനായെത്തിയത്. ഇതിൽ ഹെയ്ദി സാദിയ പ്രസ് ക്ലബ്ബിലെ ജേർണലിസം വിദ്യാർഥിയാണ്. വോട്ടിങ് ദിവസം വരെ രാവിലെ പത്ത് മുതൽ വൈകിട്ട് ആറു വരെ ഇവർ പവലിയനിലുണ്ടാകും. തിരഞ്ഞെടുപ്പ് ഗീതം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വി വിപാറ്റ് തുടങ്ങിയവ സംബന്ധിച്ച സംശയങ്ങളും ദൂരീകരിക്കും. പവിലിയനിൽ വോളന്റിയർമാരാകുന്നവർക്ക് ഭക്ഷണവും വേതനവും നൽകുന്നുണ്ട്. ഇതിനുപുറമേ, തിരഞ്ഞെടുപ്പ് ബോധവൽകരണ പരസ്യങ്ങളിലും പ്രവർത്തനങ്ങളിലും ട്രാൻസ്‌ജെൻഡർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കാളികളാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും നിരന്തര ഇടപെടലിന്റെയും ശ്രമത്തിന്റെയും ഭാഗമായി ഇത്തവണ 174 ട്രാൻസ്‌ജെൻഡർമാരാണ് സംസ്ഥാനത്ത് വോട്ടർപട്ടികയിൽ ഇടംനേടിയിട്ടുള്ളത്. ഇതിൽ 16 പേർ എൻആർഐ വോട്ടർമാരാണെന്നതും പ്രത്യേകതയാണ്. ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ളത് തിരുവനന്തപുരം ജില്ലയിലാണ് -48 പേർ. രണ്ടാംസ്ഥാനത്തുള്ള കോഴിക്കോട്ട് 34 പേർ വോട്ടർപട്ടികയിലുണ്ട്. തൃശൂർ-26, എറണാകുളം- 15, കൊല്ലം- 12, കോട്ടയം- 10, പാലക്കാട്ടും മലപ്പുറത്തും എട്ടുവീതം, കണ്ണൂർ- അഞ്ച്, ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും കാസർകോട്ടും രണ്ടു വീതവും ട്രാൻസ്‌ജെൻഡർ വോട്ടർമാരുണ്ട്. നിലവിൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരില്ലാത്ത ജില്ല വയനാടാണ്.

സംസ്ഥാനത്താകെയുള്ള 174 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 35 പേർ യുവ വോട്ടർമാരാണ്. കൂടുതൽ യുവ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ളത് കോഴിക്കോടാണ്- 12 പേർ. കൂടുതൽ എൻആർഐ വോട്ടർമാരും കോഴിക്കോട്ടാണ്- അഞ്ചുപേർ. ആകെയുള്ള ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ മൂന്നുപേർ 70 വയസിനും 90 വയസിനും മധ്യേയുള്ളവരാണ്.

Next Story

RELATED STORIES

Share it