Latest News

ഗുസ്തിതാരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിന്റെ 4 കൂട്ടാളികളെ അറസ്റ്റ് ചെയ്തു

ഗുസ്തിതാരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിന്റെ 4 കൂട്ടാളികളെ അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി: ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന് ഒത്താശ ചെയ്ത നാല് ഹരിയാനക്കാരായ ഗുണ്ടകളെ പോലിസ് അറസ്റ്റ് ചെയ്തു. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാംപ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഹരിയാനയിലെ അസോദ ഗ്രാമത്തില്‍ നിന്ന് മെയ് 5ന് ഉച്ചയ്ക്ക് 12മണിയോടെ എത്തിയെന്ന് പോലിസ് സ്ഥിരീകരിച്ചു. അവിടെ വച്ചാണ് ഇവര്‍ സാഗറിനെയും മൂന്നു സുഹൃത്തുക്കളെയും മര്‍ദ്ദിച്ചത്.

മോഡല്‍ ടൗണിലെ ഫ്‌ളാറ്റില്‍ നിന്ന് സാഗറിനെയും സോനുവിനെയും രാത്രി തട്ടിക്കൊണ്ടുപോയതും ഇവരാണെന്ന് പോലിസ് പറയുന്നു.

ഭൂപേന്ദര്‍ (38), മോഹിത് ആസോദ (22), ഗുലാബ് (24), മഞ്ജിത് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് രോഹിണി ജില്ലാ ഡിസിപി പ്രണവ് തയാല്‍ പറഞ്ഞു.

ഭൂപേന്ദ്ര അസോദ ഗ്രാമത്തിലെ സര്‍പഞ്ച് രാജീവിന്റെ സഹായിയാണ്. 2011ല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായിരുന്നു. 2021 ഫെബ്രുവരി വരെ ജയിലിലും കിടന്നു. അതിനുശേഷമാണ് ഇവര്‍ പുറത്തിറങ്ങി പുതിയ ഗ്രൂപ്പുണ്ടാക്കി പ്രതികാരം നടത്താന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മോഹിത് അസോദ കുപ്രസിദ്ധ കുറ്റവാളിയായ നവീന്‍ ബാലിയുടെ അനുയായിയാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് ആഴ്ചകളായി ഒളിവിലായിരുന്ന ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തുരുന്നു. പഞ്ചാബില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it