Latest News

ലോകകപ്പ്;രോഹിത്തും ഗില്ലും ശ്രേയസും പുറത്ത്; ഇന്ത്യയ്ക്ക് ഞെട്ടല്‍

ലോകകപ്പ്;രോഹിത്തും ഗില്ലും ശ്രേയസും പുറത്ത്; ഇന്ത്യയ്ക്ക് ഞെട്ടല്‍
X

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരേ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ആദ്യ നാലോവറില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഏഴുപന്തില്‍ നാലുറണ്‍സ് മാത്രമെടുത്ത താരത്തെ സ്റ്റാര്‍ക്ക് ആദം സാംപയുടെ കൈയ്യിലെത്തിച്ചു. ഗില്ലിന് പകരം സൂപ്പര്‍ താരം വിരാട് കോലി ക്രീസിലെത്തി.

ഏഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോര്‍ 50 കടക്കുകയും ചെയ്തു. രോഹിത്തും കോലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്കരികില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെന്‍ മാക്സ്വെല്ലിനെ തുടര്‍ച്ചയായി സിക്സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തില്‍ നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 47 റണ്‍സെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 76-ല്‍ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനില്‍ക്കാനായില്ല. നാല് റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയില്‍ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ഇരുടീമുകളും കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേടീമിനെ തന്നെ നിലനിര്‍ത്തി. ഇന്ത്യ മൂന്നാം കിരീടവും ഓസ്ട്രേലിയ അഞ്ചാം കിരീടവുമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഓസീസിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.




Next Story

RELATED STORIES

Share it