Latest News

ആദ്യം നിയമങ്ങള്‍ പിന്‍വലിക്കുക; വാക്‌സിന്‍ സ്വീകരിക്കല്‍ പിന്നീടെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാതെ നാട്ടിലേക്ക് മടങ്ങില്ല എന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍

ആദ്യം നിയമങ്ങള്‍ പിന്‍വലിക്കുക; വാക്‌സിന്‍ സ്വീകരിക്കല്‍ പിന്നീടെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങില്ലെന്നും ആദ്യം മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കട്ടെ എന്നും സമരം ചെയ്യുന്ന കര്‍ഷകര്‍. രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്.


ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെങ്കിലും തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരിലധികവും 50 വയസ്സിനു മുകളിലുള്ളവരാണ്. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാതെ നാട്ടിലേക്ക് മടങ്ങില്ല എന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.


കൊവിഡിനെ കുറിച്ചുള്ള ഔദ്യോഗിക പ്രചരണങ്ങളെയും കര്‍ഷകര്‍ തള്ളിക്കളഞ്ഞു. ആദ്യ ദിവസം മുതല്‍ ഇവിടെയുണ്ടെന്നും ശാരീരിക അകലം പാലിക്കുന്നത് അസാധ്യമായിട്ടും 100 - 200 ആളുകളുള്ള തങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും കൊവിഡ് ബാധിച്ചില്ലെന്നും കര്‍ഷകനായ ബല്‍പ്രീത് സിങ് പറഞ്ഞു. രോഗത്തെക്കാള്‍ മാരകമാണ് രോഗത്തെക്കുറിച്ചുള്ള ഭയമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മരണനിരക്ക് സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കര്‍ഷകരില്‍ ചിലര്‍ പ്രതികരിച്ചു.


കാര്‍ഷിക നിയമങ്ങള്‍ കാരണം ഞങ്ങളുടെ സ്ഥലവും വീടുകളും നഷ്ടപ്പെട്ടാല്‍ വാക്‌സിന്‍ കൊണ്ട് എന്തു ചെയ്യുമെന്ന് ബല്‍പ്രീത് സിങ് ചോദിച്ചു. ഈ പോരാട്ടം തുടരുമെന്നും റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it